ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിൽ തിളങ്ങി ഇന്ത്യ. കബഡിയിലെ സ്വർണ മെഡലോടെ ഭാരതം 100 മെഡലിന്റെ ചരിത്രനേട്ടമാണ്് കൈവരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറും ഭാരതത്തിനായി മെഡൽ നേടിയ കായിക താരങ്ങളെ അനുമോദിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്. വെറുതെ പറഞ്ഞതല്ലെന്നും ഭാരതം അത് ചെയ്തു കാണിച്ചു എന്നായിരുന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് പറഞ്ഞത്. ഒക്ടോബർ 10ന് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത താരങ്ങളെ പ്രധാനമന്ത്രി ആദരിക്കുകയും അവരുമായി സംവദിക്കുകയും ചെയ്യും.
ഏഷ്യൻ ഗെയിംസിൽ ഭാരതം ചരിത്ര നേട്ടമാണ് കൈവരിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞു. 100 മെഡലുകളെന്ന ഐതിഹാസികനേട്ടത്തെ രാജ്യം കൈപ്പടിയിലൊതുക്കിയപ്പോൾ രാജ്യത്തെ ജനങ്ങളുടെ അഭിമാനമാണ് ഉയർന്നത്. രാജ്യത്തിനായി ഈ നേട്ടം സമർപ്പിച്ച കായികതാരങ്ങൾക്ക് അഭിനന്ദങ്ങൾ നേരുന്നു. നിങ്ങളുടെ അജയ്യമായ മനോഭവത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണിത്. – പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
നാരീശക്തിയിലൂടെയാണ് 100-ാം മെഡൽ രാജ്യത്തേക്ക് കൊണ്ടുവന്നത്. കഴിവിന്റെയും പരിശ്രമത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണിത്. സ്വർണം സമ്മാനിച്ച വനിതകളുടെ കബഡി ടീമിലൂടെയാണ് നാം ചരിത്ര നേട്ടം കൈവരിച്ചത്. ഈ നേട്ടം രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ കായികരംഗത്തിന്റെ മഹത്വം ഉയർത്തുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്തു. ഈ ചരിത്രനേട്ടത്തിൽ രാജ്യത്തെ ജനങ്ങൾക്ക് അഭിമാനിക്കുകയും ആഘോഷിക്കുകയും ചെയ്യാം.- കേന്ദ്ര കായികമന്ത്രിയും എക്‌സിൽ കുറിച്ചു.















