ടെൽ അവീവ്: ഇസ്രായേലിനെതിരായ ഹമാസ് ഭീകരരുടെ ആക്രമണം അതിഗുരുതരമായ ‘തെറ്റാണെന്ന്’ പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ഗാസയിൽ നിന്നും ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിലേക്ക് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹമാസ് അപ്രതീക്ഷിത ആക്രമണമഴിച്ചുവിട്ടതിന് പിന്നാലെയാണ് ഇസ്രായേൽ പ്രതിരോധമന്ത്രിയുടെ പ്രതികരണം.
ഹമാസ് ചെയ്തത് ഗുരുതരമായ തെറ്റാണ്. ഇസ്രായേലിനെതിരെ യുദ്ധം ആരംഭിച്ചിരിക്കുകയാണ് അവർ. നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്ന എല്ലാ മേഖലകളിലും ഇസ്രായേൽ സൈന്യം പ്രതിരോധം തീർത്തിട്ടുണ്ട്. ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയം കാണുക തന്നെ ചെയ്യുമെന്നും ഗാലന്റ് പ്രതികരിച്ചു.
ഇന്ന് രാവിലെ നടന്ന ഗാസയുടെ റോക്കറ്റ് ആക്രമണത്തിൽ നാല് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധസമാന സാഹചര്യം സംജാതമായതിനെ തുടർന്ന് ഇസ്രായേൽ ‘സ്റ്റേറ്റ് ഓഫ് വാർ’ പ്രഖ്യാപിക്കുകയും ഗാസ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇസ്രായേലി പൗരന്മാർ ബോംബ് ഷെൽട്ടറുകളിൽ അഭയം തേടണമെന്നും ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ടെൽ അവീവിലും ജറുസലേമിലും ഉൾപ്പടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ അപായ സൈറണുകളും സൈന്യം മുഴക്കി. റോക്കറ്റ് ആക്രമണത്തെ ‘അൽ-അഖ്സ സ്റ്റോം’ എന്ന പേരിലാണ് ഹമാസ് ഭീകരർ വിശേഷിപ്പിച്ചിരിക്കുന്നത്.















