ലണ്ടൻ: വനിതാ സംവരണ ബിൽ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകുമെന്ന് ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) നേതാവും തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത. വനിതാ സംവരണ ബിൽ സ്ത്രീകൾക്ക് പൊതുജീവിതത്തിൽ മുന്നോട്ട് വരാൻ പ്രചോദനമാകുമെന്നും ഭൂഖണ്ഡങ്ങളിലുടനീളമുള്ള സ്ത്രീകളെ ഈ വിഷയത്തിൽ അണിനിരത്താൻ ആഹ്വാനം ചെയ്യുമെന്നും കവിത പറഞ്ഞു. കഴിഞ്ഞ ദിവസം ലണ്ടനിൽ തിങ്ക് ടാങ്ക് ബ്രിഡ്ജ് ഇന്ത്യ സംഘടിപ്പിച്ച സംവാദത്തിൽ ‘ഇന്ത്യയുടെ രാഷ്‌ട്രീയ പ്രാതിനിധ്യത്തിൽ ലിംഗസമത്വം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കെ കവിത.
”ഞങ്ങൾ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്‌ട്രമാണ്, ഞങ്ങൾ ഏകദേശം 70 കോടി സ്ത്രീകളാണ്; നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് വളരെ നല്ല മാറ്റം സംഭവിക്കുകയാണെങ്കിൽ, ലോകം അറിയണമെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം അത് പൊതുജീവിതത്തിൽ മുന്നോട്ട് വരാനും നയരൂപീകരണത്തിൽ സജീവ പങ്കാളികളാകാനും നിരവധി സ്ത്രീകളെ പ്രചോദിപ്പിക്കും” എന്ന് കെ കവിത പറഞ്ഞു. കൂടാതെ ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം കാണുമെന്നും അവർ കൂട്ടിച്ചേർത്തു. വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രിയ്‌ക്കും കേന്ദ്രസർക്കാരിനെയും പ്രശംസിച്ച അവർ ഈ ബിൽ യാഥാർത്ഥ്യമാക്കിയതിന് എല്ലാവരോടും നന്ദിയും അറിയിച്ചു. ഇത് കേവലം രാഷ്‌ട്രീയമല്ല, ഈ മഹത്തായ രാഷ്‌ട്രത്തിലെ സ്ത്രീകളോട് കാണിക്കുന്ന ബഹുമാനമാണെന്നും വ്യക്തമാക്കി
ഇക്കഴിഞ്ഞ സെപ്റ്റംബർ 28-ന് രാഷ്‌ട്രപതി ദ്രൗപദി മുർമു നാരി ശക്തി വന്ദൻ അധിനിയം ബില്ലിൽ ഒപ്പുവെച്ചു. രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ സർക്കാർ ഗസറ്റ് വിജ്ഞാപനമിറക്കുകയും ചെയ്തു. ബിൽ നിയമമാകുന്നതോടെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടും. പുതിയ സെൻസസിനും മണ്ഡല പുനർ നിർണ്ണയത്തിനും ശേഷമാകും രാജ്യത്ത് ഇത് നടപ്പിലാക്കുക.
സെപ്റ്റംബർ 19-ന് പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനത്തിലായിരുന്നു ചരിത്രപരമായ വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. ഇതോടെ 33 ശതമാനം സംവരണം സ്ത്രീകൾക്ക് ലഭിക്കും. 454 എംപിമാരുടെ പിന്തുണയോടെയാണ് ബിൽ ലോക്സഭയിൽ പാസാക്കിയത്. രണ്ട് പേർ ബില്ലിനെ എതിർത്തു. എതിരില്ലാതെ 215 വോട്ടുകൾക്കാണ് രാജ്യസഭയിൽ ഈ ബില്ലിന് അംഗീകാരം ലഭിച്ചത്. ലോക്സഭയിൽ പരമ്പരാഗത രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പെങ്കിൽ രാജ്യസഭയിൽ ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയായിരുന്നു വോട്ടെടുപ്പ് നടന്നത്.
അതേസമയം നേരത്ത ഇൻഡി സഖ്യത്തിനെതിരെ കവിത രംഗത്തുവന്നിരുന്നു. ഇന്നത്തെ ഇൻഡി സഖ്യം നാളെ നിലനിൽക്കുമെന്ന് ഉറപ്പില്ലെന്ന് കെ കവിത പറഞ്ഞു. ‘ഇന്നത്തെ ഇൻഡി സഖ്യം നാളെ നിലനിൽക്കുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. അതിനുമുമ്പ് പാർലമെന്റ് തിരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പും സീറ്റ് വിഭജന പ്രശ്നങ്ങളും ഉണ്ടാകും. അതിനുശേഷം സ്ഥിതി വ്യത്യസ്തമായിരിക്കും,’- എന്നാണ് കെ കവിത പറഞ്ഞത്.