ധർമ്മശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ നിലംപരിശാക്കി ബംഗ്ലാദേശ്. 37.2 ഓവറിൽ 156 റൺസ് നേടിയാണ് അഫ്ഗാൻ പട പുറത്തായത്. ടോസ് നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാൻ ബാറ്റിംഗിനിറങ്ങുകയായിരുന്നു. ബംഗ്ലാദേശിന്റെ ഷാക്കിബ് അൽഹസനും മെഹിദി ഹസൻ മിറാസും വിക്കറ്റുകൾ വാരി കൂട്ടിയപ്പോൾ അഫ്ഗാനിസ്ഥാന് 156 റൺസിൽ ഒതുങ്ങേണ്ടി വന്നു. ഇരുവരും മൂന്നു വിക്കറ്റുകൾ വീതമാണ് നേടിയത്.
ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്ന് അഫ്ഗാന് മികച്ച തുടക്കം നൽകിയെങ്കിലും അധികം വൈകാതെ തന്നെ ഇത് പൊളിഞ്ഞു. ബംഗ്ലാദേശ് നായകൻ ഷാക്കിബാണ് അഫ്ഗാനിസ്ഥാന്റെ സ്വപ്‌നങ്ങൾക്ക് വിലങ്ങായത്. 8.2 ഓവറിൽ 47 റൺസിലെത്തിയ കൂട്ടുക്കെട്ട് ഷാക്കിബിന്റെ പന്തുകൾക്കു മുമ്പിൽ അധിക നേരം പിടിച്ചു നിൽക്കാൻ സാധിച്ചില്ല. 47 റൺസെടുത്ത റഹ്‌മാനുള്ള ഗുർബാസാണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറർ.















