രണ്ട് ഭാഗങ്ങളായി ഇറങ്ങിയിട്ടുള്ള നിരവധി തെന്നിന്ത്യൻ സിനിമകളുണ്ട്. ആദ്യ ഭാഗമിറങ്ങി വർഷങ്ങൾ കാത്തിരുന്നിട്ടാകും പലപ്പോഴും രണ്ടാം ഭാഗം എത്തുന്നത്. എന്നാൽ ഏഴ് ആഴ്ചയുടെ വ്യത്യാസത്തിൽ ഒരു സിനിമയുടെ രണ്ട് ഭാഗങ്ങൾ റിലീസ് ചെയ്യുക എന്ന് പറഞ്ഞാൽ അതൊരു അപൂർവ്വ കാര്യം മാത്രം ആയിരിക്കും. എന്നാൽ അത്തരത്തിൽ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു രക്ഷിത് ഷെട്ടി നായകനായ ‘സപ്ത സാഗരദാച്ചേ എല്ലോ’.
‘സൈഡ് എ’, ‘സൈഡ് ബി’ എന്നിങ്ങനെയാണ് ചിത്രത്തിന്റെ റിലീസ്. ആദ്യഭാഗം റിലീസ് ചെയ്ത ശേഷം ഉടൻ തന്നെ ഒടിടിയിലും എത്തി. വളരെ വേഗം ഒടിടിയിലേയ്‌ക്ക് സിനിമ എത്തിച്ചത് രണ്ടാം ഭാഗത്തിന്റെ റിലീസിന് വേണ്ടിയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. തിയറ്ററിലടക്കം ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ദിവസമെണ്ണിയാണ് കാത്തിരിക്കുന്നത്.
എന്നാൽ പറഞ്ഞ തീയതിയിൽ രണ്ടാം ഭാഗം എത്തില്ല എന്നാണ് ഇപ്പോൾ റിപ്പോർട്ട്. സെപ്റ്റംബർ ഒന്നിനും ഒക്ടോബർ 27നുമാണ് രണ്ട് ഭാഗങ്ങളുടെ റിലീസ് പ്രഖ്യാപിച്ചത്. ആദ്യ ഭാഗം കർണ്ണാടകയ്‌ക്ക് പുറമെ പ്രദർശിപ്പിച്ചിരുന്നില്ല. റിലീസിന് മുമ്പേ പൊതുവേദിയിൽ സംസാരിച്ച രക്ഷിത്, സിനിമ എല്ലാ ഭാഷകളിലെയും പ്രേക്ഷകരിൽ എത്തുമെന്നും രണ്ടാം ഭാഗത്തിന് വലിയ റിലീസ് ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. താരം പറഞ്ഞതു പോലെ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും ശ്രദ്ധേയമായി.
ഒന്നാം ഭാഗത്തിന്റെ അവസാനത്തിൽ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലറും കാണിക്കുന്നുണ്ട്. ഒക്ടോബർ 27ന് സിനിമ തിയേറ്ററുകളിൽ എത്തുമെന്നും അറിയിപ്പുണ്ട്. ആരാധകർ രണ്ടാം ഭാഗത്തിനായി പ്രതീക്ഷിച്ചിരിക്കെ സിനിമയുടെ റിലീസ് നീളുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സൈഡ് ബിയിൽ ആറ് പാട്ടുകളുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ പകുതിയോടെ പ്രൊമോഷൻ പരിപാടികൾ തുടങ്ങുമെന്നും അറിയിച്ചു. എന്നാൽ ഒക്ടോബർ 27ന് പകരം ദീപാവലിക്കാകും സൈഡ് ബി റിലീസിനെത്തുക എന്നാണ് റിപ്പോർട്ട്.















