ന്യൂഡൽഹി: ആദിത്യ എൽ-1 ന് നിലവിൽ പ്രശ്‌നങ്ങളില്ലെന്നും സഞ്ചാരപഥത്തിൽ കൃത്യമായി മുന്നോട്ട് പോകുന്നുവെന്നും ഐഎസ്ആർഒ. ലക്ഷ്യ സ്ഥാനത്തേക്കുള്ള പ്രയാണത്തിലാണ് പേടകമെന്നും ഇസ്രോ കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് ഇസ്രോ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
ഒക്ടോബർ 6-ന് 16 സെക്കൻഡ് നേരത്തേക്ക് ആദിത്യ എൽ-1 ഒരു ട്രാജക്ടറി കറക്ഷൻ മാന്യൂവർ നടത്തി. പേടകം മുന്നോട്ട് നീങ്ങുന്നതിനാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാഗ്‌നെറ്റോമീറ്റർ വീണ്ടും ഓണാകുമെന്നും ഇസ്രോ വ്യക്തമാക്കി.
രാജ്യത്തിന്റെ ആദ്യ സൗരദൗത്യം ആദിത്യ എൽ-1, 10 ലക്ഷം കിലോമീറ്ററാണ് ബഹിരാകാശത്ത് സഞ്ചരിച്ചത്. ജനുവരി ആദ്യ വാരത്തോടെ പേടകം സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണം ഒരുപോലെ ലഭ്യമാകുന്ന ലഗ്രാഞ്ച് പോയിന്റിലെത്തും. സെപ്റ്റംബർ 30-നാണ് ആദിത്യ എൽ-1 ഭൂമിയുടെ സ്വാധീന വലയം കടന്നത്.















