ലണ്ടൻ: ഇസ്രായേലിലേക്കുള്ള ഹമാസ് ഭീകര സംഘടനയുടെ മിന്നലാക്രമണത്തിൽ ലണ്ടനിൽ ആഹ്ലാദ പ്രകടനം. ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ പാലസ്തീൻ പതാകകൾ കൈയിലേന്തി ആയിരുന്നു ആഹ്ലാദ പ്രകടനം നടത്തിയത്. പിന്നാലെ ആഹ്ലാദ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ഹമാസ് അനുകൂലികൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഇതേത്തുടർന്ന് ലണ്ടനിൽ പോലീസ് പട്രോളിംഗ് ശക്തമാക്കി
ലണ്ടനിൽ ഉൾപ്പെടെ ഇംഗ്ലണ്ടിന്റെ തെരുവുകളിൽ ഹമാസിനു പിന്തുണ നൽകി ആളുകൾ ആഘോഷിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മുതൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. പാലസ്തീൻ പതാകകൾ കൈയിലേന്തിയും കാറിന്റെ ഹോണുകൾ മുഴക്കിയും ആഹ്ലാദം പ്രകടിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനു പിന്നാലെ നഗരത്തിൽ ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് പട്രോളിംഗ് ശക്തമാക്കി.
ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും ഉൾപ്പെടെ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. യുഎസും യുകെയും ഇസ്രയേലിനു പരിപൂർണ പിന്തുണയാണ് പ്രഖ്യാപിച്ചത്.
ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ ഹമാസിന് പിന്തുണയറിയിച്ച് പാകിസ്താനും അഫ്ഗാനിസ്ഥാനും രംഗത്ത് വന്നിരുന്നു. കൂടാതെ ഹമാസിന് പിന്തുണയറിയിച്ച് ഇറാനും ഖത്തറും രംഗത്തെത്തിയിരുന്നു. ഹമാസ് ഭീകരർക്കൊപ്പം നിൽക്കുന്നു എന്നായിരുന്നു ഇറാന്റെ നിലപാട്. ഹമാസിനെതിരായ സംഘർഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേലാണെന്നാണ് ഖത്തറിന്റെ വാദം.















