കഴിഞ്ഞ ദിവസമാണ് തന്റെ 170 മത് സിനിമയുടെ ചിത്രീകരണത്തിനായി സ്‌റ്റൈൽ മന്നൻ രജനികാന്ത് തലസ്ഥാനത്തെത്തിയത്. പത്ത് ദിവസത്തെ ചിത്രീകരണത്തിനായി തലസ്ഥാനത്തെത്തിയ അദ്ദേഹത്തിന് വൻ വരവേൽപ്പാണ് മലയാള മണ്ണിൽ ലഭിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തെ നേരിട്ട് സന്ദർശിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫ്. 2018 സിനിമയുടെ നിർമ്മാതാക്കളായ വേണു കുന്നപ്പള്ളിക്കും ആന്റോ ജോസഫിനുമൊപ്പമായിരുന്നു ജൂഡ് തലൈവരെ സന്ദർശിച്ചത്.
തലൈവരെ സന്ദർശിച്ച ശേഷം അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും അനുഭവങ്ങളും ജൂഡ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ‘എന്തൊരു സിനിമയാണിത് ജൂഡ്, നിങ്ങൾ ഇതെങ്ങനെയാണ് ഈ സിനിമ ഷൂട്ട് ചെയ്തത്? ആശ്ചര്യകരം തന്നെ. പോയി ഓസ്‌കർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും നിങ്ങളോടൊപ്പമുണ്ട്’. എന്ന് തന്നെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതായി ജൂഡ് കുറിച്ചു.
കൂടിക്കാഴ്ചയെ കുറിച്ചുള്ള ജൂഡിന്റെ കുറിപ്പ് ഇങ്ങനെ..
ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇങ്ങനെയൊരു കൂടിക്കാഴ്ച സാദ്ധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യ രജനികാന്തിനും നന്ദി.’ എന്നായിരുന്നു ജൂഡിന്റെ കുറിപ്പ്.
ഒരു ഇടവേളയ്‌ക്ക് ശേഷം ജൂഡ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2018. പ്രളയത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം സാമ്പത്തികമായും കലാപരാമായും വലിയ വിജയം നേടി. വൻ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ അടുത്ത ഓസ്‌കാറിലേക്കുള്ള ഭാരതത്തിന്റെ ഔദ്യോഗിക എൻട്രി കൂടിയായിരിക്കുകയാണ് 2018.















