ചെന്നൈ; ലോകകപ്പ് കാമ്പെയിന് വിജയത്തോടെ തിരികൊളുത്തി ടീം ഇന്ത്യ. ആദ്യ മത്സരത്തിൽ ഓസീസിനെ ആറു വിക്കറ്റിന് തകർത്താണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 41.2 ഓവറിൽ ലക്ഷ്യം മറികടന്നു. 200 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ ആദ്യ ഓവറുകളിൽ പരാജയം മുന്നിൽ കണ്ടാണ് ഇന്നിംഗ്സിന് തുടക്കമിടുന്നത്. സ്കോർ ബോർഡിൽ മൂന്ന് റൺസ് ചേർക്കുമ്പോഴേക്കും മൂന്ന് മുൻ നിര വിക്കറ്റുകളാണ് ഓസീസ് ബൗളർമാർ പിഴുതെറിഞ്ഞത്.
ആദ്യ രണ്ടോവറിലെ തകർച്ചയിൽ നിന്ന് ഇന്ത്യ കോഹ്ലിയുടെയും രാഹുലിന്റെയും ചിറകിൽ കരകയറുകയായിരുന്നു. നായകൻ രോഹിത്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ കളിമറന്ന് ആദ്യമേ കൂടാരം കയറിയെങ്കിലും കോഹ്ലിയുടെ പരിചയ സമ്പത്ത് ഇന്ത്യയെ തകരാതെ പിടിച്ചു നിറുത്തി. ഇതിനിടെ ഒരു ക്യാച്ച് കൈവിട്ട് മിച്ചൽ മാർഷും കോഹ്ലിക്ക് ജീവൻ നൽകി. രാഹുൽ പക്വതായർന്ന ഇന്നിംഗ്സിലൂടെ കിംഗിന് പിന്തുണ നൽകി. അനാവശ്യ ഷോട്ടുകൾക്ക് മുതിരാതിരുന്ന ഇരുവരും മോശം പന്തുകൾ തിരഞ്ഞു പിടിച്ചു ശിക്ഷിക്കുകയായിരുന്നു. ഓസ്‌ട്രേലിയൻ സ്പിന്നർമാരെ കരുതലോടെ നേരിട്ടാണ് ഇന്ത്യൻ സഖ്യം സ്‌കോർ ബോർഡ് മുന്നോട്ട് ചലിപ്പിച്ചത്. ഒരു സ്പിന്നർമാർക്കും വിക്കറ്റ് നൽകിയുമില്ല.
ഇതിനിടെ ലോകകപ്പിലെ നാലാം വിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടെന്ന റെക്കോർഡും കോഹ്ലിയും രാഹുലും ചേർന്ന് പടുത്തുയർത്തി. നവ്‌ജ്യോത് സിന്ധുവും കാംബ്ളിയും ചേർന്നെടുത്ത 142 റൺസെന്ന റെക്കോർഡാണ് പുതു തലമുറ മറികടന്നത്. 165 റൺസ് ചേർത്താണ് കൂട്ട് കെട്ട് പിരിയുന്നത്. ഇന്ത്യയെ കരയ്‌ക്കടിപ്പിച്ച ശേഷമാണ് 85 റൺസോടെ കോഹ്ലി പുറത്താകുന്നത്. 116 പന്തിൽ 6 ബൗണ്ടറിയോടെയായിരുന്നു താരത്തിന്റെ ഇന്നിംഗ്സ് .115 പന്തിൽ 8 ഫോറും രണ്ടു സിക്സുമടക്കം 97 റൺസെടുത്ത കെ.എൽ രാഹുലിന്റെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. കോഹ്ലി 37-ാം ഓവറിൽ പുറത്തായെങ്കിലും തുടർന്നെത്തിയ ഹാർദിക് 11 റൺസോടെ ഇന്ത്യൻ വിജയം പെട്ടന്നാക്കി .
ഹേസൽ വുഡിന് മൂന്ന് വിക്കറ്റും മിച്ചൽ മാർഷിന് ഒര വിക്കറ്റും ലഭിച്ചു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ മുൻ നിരയിലെ മൂന്നുപേർ ഡക്കായി.ആദ്യ ഓവറിലെ നാലാം പന്തിൽ സ്റ്റാർക്ക് ഇഷാൻ കിഷനെ ഗ്രീനിന്റെ കൈയിലെത്തിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെയായിരുന്നു താരത്തിന്റെ പുറത്താകൽ. രണ്ടാം ഓവറിൽ രോഹിത് ശർമ്മയും റൺസൊന്നുമെടുക്കാതെ പുറത്തായി. ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. അതേ ഓവറിൽ ശ്രേയസും ക്യാച്ച് നൽകി കൂടാരം കയറി.
ശക്തരായ ബാറ്റർമാരുമായെത്തിയിട്ടും 200 കടക്കാനാകാതെ വെള്ളം കുടിച്ച ഓസ്‌ട്രേലിയ 49.3 ഓവറിൽ 199 റൺസിന് ഓൾ ഔട്ടായി. 46 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറർ.
ആദ്യ ഇന്നിംഗ്സിൽ ജഡേഡയും അശ്വിനും കുൽദീപും ചേർന്ന് ഓസ്‌ട്രേലിയൻ സംഘത്തെ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ ഒരു തലത്തിലും സ്‌കോറിംഗിന് വേഗം കൂട്ടാൻ കങ്കാരു പടയ്‌ക്കായില്ല. ഇടവേളകളിൽ വിക്കറ്റു വീതോടെ സ്‌കോർ എങ്ങനെയും 150 കടത്താനായിരുന്നു കമ്മിൻസിന്റെയും സംഘത്തിന്റെയും ശ്രമം.