കൊല്ലം: ലഹരി സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. കരുനാഗപ്പള്ളിയിലാണ് സംഭവം. ഉദ്യോഗസ്ഥരുടെ വാഹനം ലഹരി സംഘം തോട്ടിലേയ്‌ക്ക് വലിച്ചെറിഞ്ഞു. പ്രതിളായ സഹോദരങ്ങൾ ഒളിവിലാണ്. ഇവർക്കായി എക്‌സൈസും പോലീസും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
കൊല്ലം കുലശേഖരപുരം സ്വദേശികളായ സക്കീർ ,ശാലു എന്നിവർ എംഡിഎംഎ വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്‌സൈസ് സംഘം അന്വേഷിച്ചെത്തിയത്. തുടർന്ന് യാതൊരു തരത്തിലുമുള്ള പ്രകോപനങ്ങളുമില്ലാതെ പ്രതികൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ മാരകായുധങ്ങൾ ഉപയോഗിച്ചാണ് സക്കീറും, ശാലുവും അക്രമിച്ചത്. കൂടാതെ ഉദ്യോഗസ്ഥർ എത്തിയ രണ്ട് ബൈക്കുകൾക്കും കേടുപാടുകൾ വരുത്തി.
തുടർന്ന് പ്രതികൾ രക്ഷപ്പെട്ടെങ്കിലും ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11 ഗ്രാം എംഡിഎംഎയും 10 ഗ്രം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കണ്ടെത്തി. കൂടാതെ ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്ന ഒരു മൊബൈൽ ഫോണും ഒരു ഇലക്ട്രോണിക്‌സ് ത്രാസും എക്‌സൈസ് കണ്ടെത്തി. പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്‌ക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു.