സമീപ കാലങ്ങളിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും, മറ്റ് സമൂഹ മാദ്ധ്യമങ്ങളിലും വൻ തോതിൽ പ്രചരിച്ചിരുന്ന ഒരു പോസ്റ്റായിരുന്നു എല്ലാ വാട്‌സ് ആപ്പ് കോളുകളും റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്നും സമൂഹ മാദ്ധ്യമങ്ങൾ നിരീക്ഷണത്തിലാണെന്നുമുള്ള സന്ദേശങ്ങൾ. കാലങ്ങളായി ഈ സന്ദേശങ്ങൾ കൈമാറികൊണ്ടിരിക്കുമ്പോൾ ഇതിനു പിന്നിലെ സത്യാവസ്ഥ ഇനിയെങ്കിലും നാം അറിയേണ്ടതുണ്ട്.
ഈ സന്ദേശങ്ങൾ വ്യാജമാണന്നാണ് കേരള പോലീസ് പറയുന്നത്. ഏതാനും വർഷങ്ങൾക്കു മുമ്പ് പ്രചരിച്ച ഈ വ്യാജ സന്ദേശങ്ങൾ വീണ്ടും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള ഒരു ഔദ്യോഗിക സന്ദേശങ്ങളും സർക്കാർ ഏജൻസികൾ നൽകിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അവ ഷെയർ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞിട്ടുണ്ട്.
അതേസമയം ചൈൽഡ് പോണോഗ്രാഫി, കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ, മതസ്പർദ്ദ വർദ്ധിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.