ലക്‌നൗ: രാമക്ഷേത്ര നിർമ്മാണത്തിനായി ഇതുവരെ 900 കോടി രൂപ ചെലവഴിച്ചതായി രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. 2020 ഫെബ്രുവരി അഞ്ചിനും 2023 മാർച്ച് 31-നും ഇടയിലുള്ള കണക്കാണ് പുറത്തുവിട്ടത്. ബാക്കി 3,000 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽ ഉണ്ടെന്നും ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി.
സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാമകഥ മ്യൂസിയം നിയമപരമായി ട്രസ്റ്റായിരിക്കുമെന്നും രാമക്ഷേത്രത്തിന്റെ 500 വർഷത്തെ ചരിത്രവും 50 വർഷത്തെ നിയമ രേഖകളും അവിടെ സൂക്ഷിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. വിദേശ കറൻസിയിൽ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമനടപടികൾ ഉൾപ്പെടെ 18-ഓളം കാര്യങ്ങൾ ചർച്ച ചെയ്തതായും വിദേശ സംഭാവന നിയന്ത്രണ പ്രകാരം ട്രസ്റ്റ് അനുമതിയ്‌ക്കായി അപേക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ജനുവരി 22-നാകും പ്രാണ പ്രതിഷ്ഠയെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 10,000-ത്തോളം പ്രമുഖരും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി 20-നും 24-നും ഇടയിൽ എത്തിച്ചേർന്നേക്കുമെന്നാണ് വിവരം. പ്രതിഷ്ഠാ ദിനത്തിൽ ശ്രീരാമഭഗവാന്റെ മുൻപിൽ അരി പൂജിക്കുമെന്നും പിന്നീട് അത് ഇന്ത്യയിലുടനീളം വിതരണം ചെയ്യുമെന്നും റായ് പറഞ്ഞു. ജനുവരി ഒന്ന് മുതൽ 15 വരെ അഞ്ച് ലക്ഷം ഗ്രാമങ്ങളിൽ അരി വിതരണം ചെയ്യും. അന്നേ ദിനം സൂര്യാസ്തമയത്തിനുശേഷം വീടുകൾക്ക് മുന്നിൽ വിളക്ക് തെളിയിക്കാൻ ക്ഷേത്ര ട്രസ്റ്റ് അഭ്യർത്ഥിച്ചു. ചടങ്ങുകൾക്കായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















