ആലപ്പുഴ: വാക്കുതർക്കത്തെ തുടർന്ന് വീട് കത്തിച്ച സംഭവത്തിലെ പ്രതി പിടിയിൽ. ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശി നടരാജന്റെ വീടാണ് കത്തിച്ചത്. സംഭവത്തിൽ പള്ളിപ്പാട്ടുമുറി സ്വദേശിയായ അഭിജിത്ത് (26) മഞ്ജി ദത്ത് (23) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു പ്രതികൾ നടരാജന്റെ വീട് കത്തിച്ചത്. വീട്ടിലുണ്ടായിരുന്ന ടെലിവിഷൻ, ഫ്രിഡ്ജ് എന്നിവ കത്തി നശിച്ചു.
കഴിഞ്ഞ ദിവസം നടരാജന്റെ മകൻ മനോജ് ഒരു യുവതിയോട് മോശമായി പെരുമാറിയിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. മനോജിനെ സ്‌റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തു. തുടർന്ന് രാത്രിയോടെ യുവതിയുടെ ബന്ധുക്കളായ പ്രതികൾ മനോജിന്റെ വീട്ടിലെത്തി ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി.
മണിരാജനും കുടുംബവും രാത്രിതന്നെ പോലീസിൽ പരാതി നൽകി. തുടർന്ന് അന്ന് രാത്രി 10 മണിയോടെ നടരാജന്റെ വീട്ടിൽ തീയിടുകയായിരുന്നു. ശബ്ദംകേട്ട് നടരാജനും ഭാര്യയും ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് മനോജ് വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.















