ചെന്നൈ: ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നാല് പോലീസുകാർ അറസ്റ്റിൽ. ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാർ, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ. സിദ്ധാർഥൻ, നാവൽപ്പട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂർ ഹൈവേ പട്രോൾ സംഘത്തിലെ എസ്.ശങ്കർ പാണ്ഡ്യൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞാഴ്ചയാണ് സംഭവം നടന്നത്. വിനോദ സഞ്ചാര കേന്ദ്രമായ തിരുച്ചിറപ്പള്ളിയിലെ മുക്കൊമ്പിൽ സുഹൃത്തിനോടൊപ്പം എത്തിയ പെൺകുട്ടിയേയും ആൺ സുഹൃത്തിനെയും മദ്യലഹരിയിലെത്തിയ പോലീസുകാർ ചോദ്യം ചെയ്യുകയായിരുന്നു. സാധാരണ വേഷത്തിൽ എത്തിയ ഇവർ പോലീസുകാരാണെന്നു പറയുകയും കഞ്ചാവ് ഇടപാട് നടത്താനാണ് ഇരുവരും സ്ഥലത്തെത്തിയതെന്നാരോപിച്ചു. തുടർന്ന് സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. ഓടുന്ന കാറിൽ വച്ച് മണിക്കൂറോളം തന്നെ പോലീസുകാർ ബലാത്സംഗം ചെയ്‌തെന്നും സംഭവം പുറത്തറിഞ്ഞാൽ മയക്കുമരുന്ന് കേസിൽ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ പ്രതികളായ പോലീസുകാരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും പോക്‌സോ കേസുകൾ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്.