കോഴിക്കോട്: സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സാമൂഹ്യ പ്രവർത്തക വി.പി സുഹ്‌റ പോലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം, നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിൽ് വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചിരുന്നു.
‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയുടെ മുഖ്യാതിഥിയായാണ് മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘നിസ’യുടെ പ്രസിഡന്റായ വി.പി. സുഹറ എത്തിയത്. പ്രസംഗത്തിനിടെയാണ് അവർ തട്ടംമാറ്റി പ്രതിഷേധിച്ചത്. സ്ത്രീകൾക്കെതിരെ ചാനൽ ചർച്ചയിൽ ഉമർ ഫൈസി മുക്കംനടത്തിയ വിവാദപരാമർശത്തിൽ പ്രതിഷേധിച്ചാണ് തട്ടംമാറ്റിയതെന്ന് സുഹറ പറഞ്ഞു.
തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരാണെന്നാണ് സമസ്ത നേതാവ് പറഞ്ഞതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതിനൽകുമെന്നും വി.പി. സുഹറ പറഞ്ഞു.