ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ ബിജെപി നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സ്വന്തം മണ്ഡലമായ ബുധ്നിയിൽ നിന്ന് തന്നെ മത്സരിക്കും. 57 അംഗ സ്ഥാനാർത്ഥി പട്ടികയിൽ നരോത്തം മിശ്ര, ഗോവിന്ദ് സിംഗ് രജ്പുത്, ഗോപാൽ ഭാർഗവ, രാജേന്ദ്ര ശുക്ല, ഓംപ്രകാശ് സഖ്‌ലേച്ച എന്നിവരുൾപ്പെടെ പ്രമുഖർ അണിരിരക്കുന്നു.
230 നിയമസഭാ സീറ്റുകളിലേക്ക് നവംബർ 17ന് തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 3ന് വോട്ടെണ്ണലും നടക്കും. ആഗസ്റ്റ് 17ന് ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടിരുന്നു. ഈ പട്ടികയിൽ 39 സ്ഥാനാർത്ഥികളുണ്ടായിരുന്നു.
സെപ്തംബർ 25നാണ് രണ്ടാം പട്ടിക പുറത്തിറക്കിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ, ഗ്രാമവികസന, സ്റ്റീൽ സഹമന്ത്രി ഫഗ്ഗൻ സിംഗ് കുലത്സെ എന്നിവരും നാല് ലോക്‌സഭാ എംപിമാരും പട്ടികയിൽ ഇടംപിടിച്ചു. പിന്നീട് ഗോണ്ട്വാന ഗാൻതന്ത്ര പാർട്ടി വിട്ട ശേഷം ബിജെപിയിൽ ചേർന്ന മോണിക്ക ബട്ടി അമർവാരയിൽ മത്സരിക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചു.















