ടെൽ അവീവ്: ഇസ്രായേൽ ഹമാസിനെതിരെയുള്ള പ്രത്യാക്രമണത്തിനായി 48 മണിക്കൂറിനുള്ളിൽ 3,00,000 സൈനികരെയാണ് അണിനിരത്തിയത്. ഇസ്രായേൽ പ്രതിരോധ സേന ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും സൈനികരെ കണ്ടെത്തുന്നത് ആദ്യമായാണെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു.
ഇസ്രായേൽ പലസ്തീൻ അതിർത്തിയിലെ 24 പട്ടണങ്ങളിൽ 15 എണ്ണവും സൈന്യം ഒഴിപ്പിച്ചിട്ടുണ്ടെന്നും സ്ടെറോട്ട് നഗരം മാത്രം ഇപ്പോൾ ഒഴിപ്പിക്കാൻ ചിന്തിച്ചിട്ടില്ലെന്നും ഹഗാരി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ഗാസയിൽ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഹമാസിന്റെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിനു പിന്നാലെ ഗാസയിൽ സമ്പൂർണ ഉപരോധവും ഏർപ്പെടുത്തിയിരിക്കുകയാണ്.
ഹമാസ് ആക്രമണത്തിൽ ഇരുവശങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തെന്ന് ഇസ്രായേൽ അറിയിച്ചു. ബന്ദികളെ മോചിപ്പിക്കാൻ തീവ്രശ്രമം നടത്തിവരികയാണെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. ഡസൻ കണക്കിന് ഇസ്രായേലികളെയാണ് ഹമാസും ഇസ്ലാമിക് ജിഹാദും ഗാസയിൽ തടവിലാക്കിയിരിക്കുന്നത്. സാധാരണക്കാരും സ്ത്രീകളും വൃദ്ധരും കൈക്കുഞ്ഞുങ്ങളും വികലാംഗരും വരെ ബന്ദികളാക്കപ്പെട്ടിട്ടുണ്ട്.
ഇസ്രായേലിൽ ഹമാസ് ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് സൂചന. ഇതിനിടെ ഇസ്രായേൽ ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രായേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം.















