ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്മാർട്ട്‌ഫോണിന് വൻ ഡിമാൻഡ്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-ജൂലൈ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകളുടെ കയറ്റുമതിയിൽ മുൻവർഷത്തേക്കാൾ 99 ശതമാനത്തിന്റെ വർദ്ധന. ഇതോടെ വരുമാനം 415 കോടി ഡോളറിലെത്തി (34,500 കോടി രൂപ). അമേരിക്കയും യുഎഇയുമാണ് ഇന്ത്യന് സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ വിപണി. നെതർലൻഡ്‌സ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കും വൻ കയറ്റുമതിയാണ് നടത്തുന്നത്.
യുഎഇയിലേക്കുള്ള കയറ്റുമതി പെട്രോളിയം ഉത്പന്നങ്ങളെ കടത്തിവെട്ടിയെന്നത് ശ്രദ്ധേയമാണ്. ഏപ്രിൽ-ജൂലൈയിൽ 25.7 ശതമാനം വർധനയോടെ 83.63 കോടി ഡോളറിന്റെ (6,950 കോടി രൂപ) സ്മാർട്ട്ഫോണുകളാണ് യുഎഇയിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. ഈ കാലയളവിലെ വ്യോമ ഇന്ധന കയറ്റുമതി 72.33 കോടി ഡോളറും (6,000 കോടി രൂപ) പെട്രോള്‍ കയറ്റുമതി 55.16 കോടി ഡോളറും (4,600 കോടി രൂപ) മാത്രമാണ്.
അമേരിക്കയിലേക്കുള്ള സ്മാർട്ട്ഫോൺ കയറ്റുമതി ഏപ്രിൽ-ജൂലൈയിൽ രേഖപ്പെടുത്തിയത് മുൻവർഷത്തെ സമാനകാലത്തേക്കാൾ 489.4 ശതമാനം വളർച്ചയാണ്. 167 കോടി ഡോളറിന്റെ സ്മാർട്ട്ഫോണുകളാണ് നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ജൂലൈയിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തിയത്. ഏകദേശം 13,900 കോടി രൂപ വരുമിത്. 2022-23ൽ ഇന്ത്യ സ്മാർട്ട്ഫോൺ കയറ്റുമതിയിലൂടെ നേടിയ വരുമാനം 1,090 കോടി ഡോളറായിരുന്നു.(90,000 കോടി രൂപ).
ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികൾ ഇന്ത്യയിലെ നിർമ്മാണം വർദ്ധിപ്പിച്ചത് കയറ്റുമതി ഉയർച്ചയ്‌ക്ക് നേട്ടമായിട്ടുണ്ട്. ഇന്ത്യയിലെ ഉത്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രോത്സാഹന പദ്ധതിയായ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്‌കീമും കരുത്തായിട്ടുണ്ട്. ആഭ്യന്തര ഉത്പാദനത്തിനായി കമ്പനികൾക്ക് പ്രോത്സാഹനം നൽകാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇന്ത്യയിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ വിദേശ കമ്പനികളെ ക്ഷണിക്കും. നിലവിലുള്ള നിർമ്മാണ യൂണിറ്റുകൾ വിപുലീകരിക്കുന്നതിനും പ്രാദേശിക കമ്പനികളെ പ്രോത്സാഹിപ്പിക്കും. ഇതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും കഴിയും.