ബെംഗളൂരു: കർണാടകയിലെ ഹോസ്പേട്ടിൽ ട്രക്കും ലോറിയും കാറിലേക്ക് ഇടിച്ച് കയറി 7 മരണം. മരിച്ചവരിൽ മൂന്നു സ്ത്രീകളും ഒരു കുട്ടിയുമടക്കം 7 പേർ മരിച്ചതായി പോലീസ് പറഞ്ഞു. ഹോസ്പേട്ട് സ്വദേശികളായ ഉമ, കെഞ്ചവ്വ, ഭാഗ്യ, അനില, ഗോണി ബസപ്പ, ഭീമലിംഗപ്പ, ബാലക യുവരാജ എന്നിവരാണ് മരിച്ചത്.
ചിത്രദുർഗ- സോലാപൂർ ദേശീയ പാതയിൽ വച്ച് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ട്രക്ക് എതിർദിശയിൽ വരികയായിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതോടെ കാറിന്റെ പിന്നാലെ വന്ന ലോറിയും കാറിൽ ഇടിച്ചു. കാറിലുണ്ടായിരുന്നവർ സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ലോറി ഡ്രൈവറെയും ട്രക്ക് ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ട്രക്ക് അമിത വേഗതയിൽ വന്നതാണോ അപകടത്തിന്റെ കാരണം തുടങ്ങിയവ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.