കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ. പണം മോഷ്ടിച്ചിട്ട് അന്വേഷണം വരുമ്പോൾ സുരേഷ് ഗോപിയെ സഹായിക്കാൻ ഇഡി വരുന്നു എന്ന് വിളിച്ച് പറയുന്നത് വെറും വിവരക്കേടെന്ന് അദ്ദേഹം തുറന്നടിച്ചു. കള്ളപ്പണം വെളിപ്പിക്കാനുള്ള മാർഗം നേതാക്കൾ സൃഷ്ടിച്ചു എന്ന നിഗമനത്തിലേക്ക് ഇഡി എത്തുന്നതും സുരേഷ് ഗോപിയുമായി എന്ത് ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
വർഷങ്ങളായി കരുവന്നൂരിലെ പണം രാഷ്‌ട്രീയക്കാരാണ് തട്ടിയെടുക്കുന്നത്, അല്ലാതെ ഇഡി അല്ല. കള്ളപ്പണം വെളിപ്പിക്കാനുള്ള മാർഗം നേതാക്കൾ സൃഷ്ടിച്ചു എന്ന നിഗമനത്തിലേക്ക് ഇഡി എത്തുന്നതും സുരേഷ് ഗോപിയുമായി എന്ത് ബന്ധമാണുള്ളത്? അത് എങ്ങനെ സുരേഷ് ഗോപിയെ സഹായിക്കുന്നുവെന്ന് പറയാൻ കഴിയുമെന്നും വെറുതെ വിവരക്കേട് വിളിച്ചുപറയുകയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് കൊള്ളയടിച്ചതിനെ നേട്ടമായി ചിത്രീകരിക്കുമോ സിപിഎം എന്നും അദ്ദേഹം ആരോപിച്ചു. ബാങ്ക് കൊള്ളയടിച്ചതും മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ 40 വാഹനങ്ങളുടെ അകമ്പടി നൽകുന്നതുമെല്ലാം ജനങ്ങൾക്ക് മുൻപിൽ നേട്ടമായി സിപിഎം അവതരിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. മുഖം വികൃതമായോ എന്നുള്ളത് സിപിഎം തന്നെ ചിന്തിക്കണം, അവരൊന്ന് കണ്ണാടിയിൽ നോക്കണം. എന്നാൽ മാത്രമേ അറിയാൻ പറ്റു. കണ്ണാടിയിൽ നോക്കാതിരുന്നിട്ട് എന്റെ മുഖം നന്നായിരിക്കുന്നുവെന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല-ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.















