തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറ സർക്കാർ യുപി സ്‌കൂളിലെ നൂറോളം വിദ്യാർത്ഥികൾക്ക് പകർച്ചവ്യാധിയെന്ന് സംശയം. ഇവർക്ക് ശ്വാസ തടസ്സവും ശരീരമാസകലം ചൊറിച്ചിലും അനുഭവപ്പെടുന്നു. ഒരാഴ്ചയിൽ അധികമായി കുട്ടികൾ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുവെന്ന് രക്ഷിതാക്കൾ അറിയിച്ചു. പകർച്ചവ്യാധി ആണോ എന്ന സംശയമുണ്ട്. ആരോഗ്യ വിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെ സ്‌കൂൾ അടച്ചു.
ആറാം ക്ലാസിലെ നൂറോളം വിദ്യാർത്ഥികൾക്കാണ് ചൊറിച്ചിൽ ഉണ്ടായത്.ആദ്യ ഘട്ടത്തിൽ ചൊറിച്ചിലുണ്ടായ അഞ്ച് കുട്ടികൾക്ക് വേണ്ട പരിചരണങ്ങൾ നൽകിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു. പിന്നാലെ വെള്ളിയാഴ്ചയോടെ കൂടുതൽ വിദ്യാർത്ഥികൾക്ക് ചൊറിച്ചിൽ നേരിട്ടു. പിന്നാലെ രോഗം പടർന്ന ക്ലാസ്മുറി വൃത്തിയാക്കുകയും കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റുകയുമായിരുന്നു.
അവധി കഴിഞ്ഞ് തിങ്കളാഴ്ച ഇതേ ക്ലാസിൽ വീണ്ടും കുട്ടികളെ ഇരുത്തി. ഇതോടെ വീണ്ടും ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ചൊറിച്ചിൽ അനുഭവപ്പെട്ട കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.