ഹൈദരാബാദ്: പാകിസ്താന് ലോകകപ്പിലെ രണ്ടാം മത്സരത്തിലും ജയം. 48.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് പാക് സംഘം ലക്ഷ്യം മറികടന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും പിന്നീട് അബ്ദുള്ള ഷഫീഖും മുഹമ്മദ് റിസ്വാനും ചേർന്നാണ് പാകിസ്താന് ജയം സമ്മാനിച്ചത്.
ഷഫീഖ് 103 പന്തുകളിൽ നിന്ന് 113 റൺസ് നേടിയപ്പോൾ റിസ്വാൻ 131 റൺസ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ബാബർ അസം(10) ഇമാമുൽ ഹഖ്(12) എന്നിവരാണ് ആദ്യം പുറത്തായത്. 31 റൺസുമായി സൗദ് ഷക്കീലും 22 റൺസുമായി ഇഫ്തികാർ അഹമ്മദും പാകിസ്താന്റെ വിജയത്തിൽ പങ്കാളികളായി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തു. കുശാൽ മെൻഡിസിന്റെയും സദീര സമരവിക്രമയുടെ സെഞ്ച്വറി പ്രകടനമാണ് ലങ്കയക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. കുശാൽ (122), സദീര (108) റൺസെടുത്തപ്പോൾ പാകിസ്താനായി ഹസൻ അലി നാല് വിക്കറ്റ് വീഴ്‌ത്തി.