ഓസ്ട്രേലിയക്കെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യ ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങും. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അട്ടിമറിക്ക് കെല്‍പ്പുള്ള അഫ്ഗാനാണ് ഇന്ത്യയുടെ എതിരാളി. ബാറ്റിംഗില്‍ തുടരുന്ന ആശങ്ക പരിഹരിച്ച് സമ്പൂര്‍ണ ആതിപഥ്യത്തോടെയുള്ള വിജയത്തിനാണ് ഇന്ത്യ ശ്രമിക്കുക. സ്റ്റാര്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവം ഇന്ത്യക്ക് വലിയ തലവേദനയാണ്.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ട അഫ്ഗാന് ഇത് അഭിമാന പോരാട്ടമാണ്. നേരത്തെ മൂന്ന് തവണ ഏറ്റമുട്ടിയപ്പോള്‍ രണ്ടു തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒരു തവണ മത്സരം ടൈ ആയി. 2019 ലോകകപ്പില്‍ സൗതാംപ്ടണില്‍ ഇന്ത്യ മുഹമ്മദ് ഷമിയുടെ ഹാട്രിക്കില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഓസ്ട്രേലിയയെ 6 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ലോകകപ്പ് കാമ്പെയിന്‍ ആരംഭിച്ചത്. ഇന്ന് സ്പിന്നിന് അനുകൂല്യം അത്ര കണ്ട് ലഭിക്കാത്ത പിച്ചാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലും മാറ്റങ്ങള്‍ വന്നേക്കാം.അശ്വിനെ മാറ്റി ഷമിയെ ആദ്യ ഇലവനില്‍ എത്തിച്ചേക്കും.
ഗില്‍ ഇല്ലാത്തതിനാല്‍ ഇന്നും രോഹിത്തിനൊപ്പം ഇഷന്‍ കിഷന്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഇന്ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മത്സരം സ്റ്റാര്‍സ്‌പോര്‍ട്‌സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.