ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു. അക്ഷര ലക്ഷം പരീക്ഷ ഒന്നാം റാങ്കോടെയായിരുന്നു കാർത്ത്യായനി അമ്മ വിജയിച്ചത്. 98% മാർക്ക് നേടിയാണ് പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങിയത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. 101 വയസായിരുന്നു.
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും നാരീ ശക്തി പുരസ്‌കാരം ഏറ്റു വാങ്ങിയ വനിതയാണ് കാർത്ത്യായനി അമ്മ. 2017-ലായിരുന്നു കാർത്ത്യായനി അമ്മ സാക്ഷരതാ മിഷന്റെ അക്ഷര ലക്ഷം പരീക്ഷ വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മലയാളത്തിൽ സംസാരിച്ച് രാജ്യത്തിനാകെ മാതൃകയായ വ്യക്തിയായിരുന്നു കാർത്ത്യായനി അമ്മ. പരീക്ഷയിൽ നൂറ് മാർക്ക് വാങ്ങണമെന്ന ആഗ്രഹവും കമ്പ്യൂട്ടർ പഠനവും പാതിവഴിയിൽ ബാക്കിവച്ചാണ് കാർത്ത്യായനി അമ്മ വിട പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പക്ഷാഘാതത്തെ തുടർന്ന് അരയ്‌ക്കു താഴെ തളർന്ന് കിടക്കുകയായിരുന്നു. സാക്ഷരതാ മിഷന്റെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയ്‌ക്കായി തയ്യാറെടുക്കുമ്പോഴായിരുന്നു പക്ഷാഘാതം പിടിപ്പെട്ടത്. തുടർന്ന് പാലിയേറ്റീവ് കെയർ കാർത്ത്യായനി അമ്മയെ ഏറ്റെടുത്തെങ്കിലും വീട്ടിൽ തുടരാൻ തന്നെ അവർ ആവശ്യപ്പെടുകയായിരുന്നു. ഹരിപ്പാടിലെ വീട്ടിലായിരുന്നു അന്ത്യം.