ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ പരിഹാസവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാർട്ടി മീറ്റിംഗിനിടെ ഭൂപേഷ് ബാഗേൽ ക്യാൻഡി ക്രഷ് കളിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് അമിത് മാളവ്യയുടെ പരിഹാസം. ” ഛത്തീസ്ഗഡിന്റെ മുഖ്യമന്ത്രിയും വിശ്രമത്തിലാണ്. ഇനി എന്തൊക്കെ ചെയ്താലും ഈ സർക്കാർ അധികാരത്തിൽ വരില്ലെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് കോൺഗ്രസ് സ്ഥാനാർത്ഥി നിർണായവുമായി ബന്ധപ്പെട്ട ഈ യോഗത്തിൽ ശ്രദ്ധിക്കുന്നതിന് പകരം ക്യാൻഡി ക്രഷ് കളിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാമെന്നും” അമിത് മാളവ്യ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ഭരണകക്ഷിയായ കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ്. എന്നാൽ ബാഗേൽ സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും, അഞ്ച് വർഷം മുൻപ് നൽകിയ പൂർത്തീകരിക്കാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ചൂണ്ടിക്കാട്ടിയാണ് ബിജെപി കോൺഗ്രസിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നത്. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് വേണ്ടിയുള്ള കോൺഗ്രസ് കമ്മിറ്റി യോഗം നാളെ ചേരുമെന്ന് ഛത്തീസ്ഗഡിന്റെ ചുമതലയഉ്‌ള കുമാരി സെൽജ പറഞ്ഞു. പട്ടിക തയ്യാറാക്കിയ ശേഷം കേന്ദ്ര നേതൃത്വത്തിന് കൈമാറുമെന്നും ഇവർ വ്യക്തമാക്കി.
അതേസമയം ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിനുള്ള രണ്ട് ഘച്ച സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിട്ടുണ്ട്. 90 അംഗ നിയമസഭയിലേക്കുള്ള 85 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി തയ്യാറാക്കിയത്. മുൻ മുഖ്യമന്ത്രി രമൺ സിംഗ് രാജ്‌നന്ദ്ഗാവ് മണ്ഡലത്തിൽ നിന്നും, നിലവിലെ പ്രതിപക്ഷ നേതാവ് നാരായൺ പ്രസാദ് ചന്ദേൽ സിറ്റിംഗ് സീറ്റായ ജൻജിർ ചമ്പയിൽ നിന്നും ജനവിധി തേടും. നവംബർ 7നും 17 നുമായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.















