കരിപ്പൂർ സ്വർണക്കടത്ത്: ഉന്നത ഉദ്യോഗസ്ഥ റാക്കറ്റ് പ്രവർത്തിക്കുന്നതായി കണ്ടെത്തൽ: സിഐഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ് നവീനിന്റെ ഫ്‌ളാറ്റിൽ പോലീസ് പരിശോധന

Published by
Janam Web Desk

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തിൽ സിഐഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ് നവീനിന്റെ ഫ്‌ളാറ്റിൽ പരിശോധന നടത്തി പോലീസ്. കൊണ്ടോട്ടി തലേക്കരയിലെ നവീനിന്റെ താമസസ്ഥലത്താണ് കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്. സംഭവത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥ റാക്കറ്റ് പ്രവർത്തിക്കുന്നതായി പോലീസ് കണ്ടെത്തിയത്. മലപ്പുറം എസ്പി സുജിത് ദാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സിഐഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ് നവീനും, ഒരു കസ്റ്റംസ് ഓഫീസറുമാണ് സ്വർണ്ണക്കടത്തിന് കൂട്ടുനിന്നത്. ഇതേ തുടർന്നാണ് ഇന്ന് രാവിലെ മുതൽ നവീന്റെ താമസസ്ഥലത്ത് പരിശോധന തുടങ്ങിയത്.

രണ്ടു ഉദ്യോഗസ്ഥരും സ്വർണ്ണക്കടത്ത് മാഫിയാ സംഘവും ചേർന്ന് സ്വർണം കടത്തിയത് 60 തവണയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ അടക്കം കടത്ത് സംഘത്തിന്റെ കൈവശമുള്ളതായി പോലീസ് കണ്ടെത്തി. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലി, സ്വർണം കൊണ്ടുപോകാൻ എത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. കൊടുവള്ളി സ്വദേശി റഫീക്കിന് വേണ്ടിയാണ് സംഘം അവസാനമായി സ്വർണം കടത്തിയത്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഇടപാടിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഒപ്പം പ്രവർത്തിച്ച കസ്റ്റംസ് ഓഫീസറെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Share
Leave a Comment