തൃശൂരിൽ: തൃശൂരിലെ ടേക്ക് ഓവർ രാജാവാണ് എം.കെ. കണ്ണനെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ. വായ്പകൾ ടേക്ക് ഓവർ ചെയ്താണ് ബിനാമി കണ്ണൻ തട്ടിപ്പ് നടത്തുന്നത്. ഇഡിയ്‌ക്ക് മുന്നിൽ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കിയിട്ടില്ല. കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കിയില്ലെങ്കിൽ ജനങ്ങൾ ഹാജരാക്കേണ്ടി വരും. വിവരങ്ങൾ കൈമാറാൻ കണ്ണൻ തയ്യാറായില്ലെങ്കിൽ ബിജെപി പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം സഹകരണ വകുപ്പിലേക്കും സഹകരണ സ്ഥാപനങ്ങളിലേക്കും നീളുകയാണ്. സഹകരണ വകുപ്പ് രജിസ്ട്രാർ ടി.വി.സുഭാഷ്, റബ്‌കോ മാനേജിങ് ഡയറക്ടർ ഹരിദാസൻ നമ്പ്യാർ എന്നിവരെ ഇന്ന് ഇഡി ചോദ്യം ചെയ്യും. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ എന്നിവർ കേസന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം വകുപ്പിലെ ഉന്നതരിലേക്കും നീളുന്നത്.















