കേരളത്തിന് സ്വന്തമായൊരു സ്‌പോർട്‌സ് പോളിസിയില്ല, മികച്ച അവസരങ്ങൾ കിട്ടിയാൽ സംസ്ഥാനം വിടും; സർക്കാരിന്റെ അവഗണന താങ്ങാവുന്നതിലും അപ്പുറം: എൽദോസ് പോൾ

Published by
Janam Web Desk

സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനം വിടുമെന്ന് ട്രിപ്പിൾ ജമ്പ് താരം എൽദോസ് പോൾ. മികച്ച അവസരം കിട്ടിയാൽ ഏത് സംസ്ഥാനം ആയാലും സ്വീകരിക്കുമെന്നും അർജുന അവാർഡ് ജേതാവായ മലയാളി താരം പറഞ്ഞു. എൽദോസ് അടക്കമുളള താരങ്ങൾക്ക് അർഹിക്കുന്ന പരിഗണനയോ അംഗീകരങ്ങളോ നൽകാൻ സർക്കാർ തയ്യാറാകാത്തതാണ് കാരണം. കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത സ്വർണവും അർജ്ജുന അവാർഡ് ലഭിച്ചിട്ടും സംസ്ഥാനത്ത് നിന്ന് അഭിനന്ദന സന്ദേശം പോലും ലഭിച്ചിട്ടില്ല. ഈ മാസം ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിലും താരം പങ്കെടുക്കില്ല.

കേരളത്തിന്റെ കായികരംഗം തകർച്ചയുടെ വക്കിലാണെന്നും ഈ രീതിയിലാണ് കായികതാരങ്ങളോടുളള സമീപനമെങ്കിൽ ഇവിടെ താരങ്ങളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിവുറ്റവരെ കണ്ടെത്തി, മികച്ച പരിശീലന സൗകര്യം നൽകാൻ സർക്കാർ തയ്യാറാകണം. കേരളത്തിന് സ്വന്തമായൊരു സ്പോർട്സ് പോളിസിയില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് അതുളളത് കൊണ്ടാണ് കായിക രംഗത്ത് അവർ മികച്ച മുന്നേറ്റം നടത്തുന്നത്. ഒളിമ്പിക്സ് ഉൾപ്പെടെയുളള മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിൽ അന്തരാഷ്‌ട്ര നിലവാരത്തിലുളള പരിശീലനം ആവശ്യമാണ്. ഇതിനായി വലിയ തുക ചിലവഴിക്കേണ്ടി വരും. സാമ്പത്തിക സഹായം നൽകുന്ന മറ്റ് സംസ്ഥാനങ്ങൾ മികച്ച ഓഫറുകളുമായി വന്നാൽ അവർക്കായി പ്രതിനിധീകരിക്കുമെന്നും താരം ജനം ടിവിയോട് പ്രതികരിച്ചു.

ഒളിമ്പിക്സ് മുന്നിൽ കണ്ട് മറ്റ് സംസ്ഥാനങ്ങൾ കായികതാരങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. മറ്റ് സംസ്ഥാനങ്ങൾ താരങ്ങൾക്ക് വലിയ സാമ്പത്തിക പിന്തുണ നൽകുമ്പോൾ അത്രയും വേണ്ട അൽപ്പമെങ്കിലും തരാൻ കേരളം തയ്യാറാകണമെന്നും താരം പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ അടക്കം ഇതര സംസ്ഥാനങ്ങൾ തങ്ങളുടെ താരങ്ങൾക്ക് വലിയ പിന്തുണ നൽകുമ്പോഴാണ് കേരളത്തിന്റെ അവഗണന എന്നാണ് താരത്തിന്റെ പരാതി.

കേന്ദ്ര സർക്കാരിന്റെ കീഴിലുളള ബെംഗ്ലൂരു സായ് സെന്ററിലാണ് താരത്തിന്റെ പരിശീലനം. കേരളം വിടുമെന്ന് തുറന്ന് പറഞ്ഞിട്ട് പോലും ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. അർജുന അവാർഡ് കിട്ടിയിട്ട് പോലും ആരും വിളിച്ചില്ലെന്ന് താരം പറഞ്ഞു. സംസഥാനത്തെ മുഖ്യധാര കായിക താരങ്ങൾ ഉടൻ സംസഥാനം വിടുമെന്നും താരം ജനം ടിവിയോട് പറഞ്ഞു. സർക്കാർ പിന്തുണയ്‌ക്കാൻ തയ്യാറായൽ കേരളത്തിനായി ട്രാക്കിലിറങ്ങും. എനിക്കോ മറ്റുളളവർക്കോ വേണ്ടിയല്ല, കേരളത്തിലെ മുഴുവൻ കായികതാരങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അടുത്ത സീസണിൽ കളത്തിലിറങ്ങുന്നത് ഒഡീഷ, തമിഴ്നാട്, ഗുജറാത്ത്, ഹരിയാന പോലുളള സംസ്ഥാനങ്ങൾക്ക് വേണ്ടിയായിരിക്കും.

Share
Leave a Comment