ചന്ദ്രയാൻ-3ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ടോക്കൺ അവതരിപ്പിച്ച് കൊൽക്കത്ത മെട്രോ. ഐഎസ്ആർഒയുടെ സമീപകാല വിജയത്തെ ആധാരമാക്കിയാണ് കൊൽക്കത്ത മെട്രോ സ്മരണാർത്ഥമെന്ന നിലയിൽ ടോക്കൺ പുറത്തിറക്കിയത്. യാത്രക്കാർക്ക് വേണ്ടിയുള്ള പാസിന്റെ രൂപരേഖയാണ് ഇത്തരത്തിൽ പുറത്തിറക്കിയത്. ടോക്കണിന്റെ രൂപരേഖ ചൊവ്വാഴ്ചയാണ് പ്രദർശിപ്പിച്ചത്. മെട്രോ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ സൗമിത്ര ബിശ്വാസ് ആണ് പ്രകാശന കർമ്മം നിർവഹിച്ചത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ രാജ്യം നടത്തിയ വിജയകരമായ സോഫ്റ്റ് ലാൻഡിംഗിനെയാണ് ടോക്കൺ സൂചിപ്പിക്കുന്നത്. കൊൽക്കത്ത മെട്രോയുടെ മൂന്ന് ഇടനാഴികളിലെയും ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് പുതിയ ടോക്കണുകൾ ലഭ്യമാകുമെന്ന് മെട്രോ റെയിൽവേ ചീഫ് പിആർഒ കൗസിക് മിത്ര അറിയിച്ചു. പൂജ ഉത്സവം അടുത്തിരിക്കുന്നതിനാൽ യാത്രികർക്ക് ഈ ടോക്കണുകൾ കൂടുതൽ ഉപകാരപ്രദമാകും.