ടെൽ അവീവ്: ഹമാസിന്റെ ഭീകരാക്രമണങ്ങൾക്ക് ഇസ്രായേൽ കനത്ത മറുപടി നൽകി തുടങ്ങിയിരിക്കുകയാണ്. അഞ്ചാം ദിവസവും സമാനതകളില്ലാതെ യുദ്ധം നടക്കുമ്പോൾ ഇസ്രായേൽ കരമാർഗമുള്ള യുദ്ധത്തിലേക്ക് കടക്കുകയാണ്. ആയിരക്കണക്കിന് ഇസ്രായേൽ സൈനികരാണ് ഗാസ അതിർത്തിയിൽ എത്തിയിരിക്കുന്നത്. ഹമാസിന്റെ എല്ലാ നേതാക്കളെയും കൊല്ലുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ യുദ്ധത്തിന് ഇറങ്ങിതിരിച്ചിരിക്കുന്നത്.
വമ്പൻ തിരിച്ചടി കൊടുക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നു. ഗാസയിൽ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. വൈദ്യുതി, ഇന്ധനം, വെള്ളം എന്നിവയുടെ വിതരണമാണ് വെട്ടിക്കുറച്ചത്. ഗാസയിലെ ഏക പവർ സ്റ്റേഷനിൽ ഇന്ന് ഇന്ധനം തീരുമെന്ന് പാലസ്തീൻ എനർജി അതോറിറ്റി മേധാവി പറഞ്ഞു.
ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചിരുന്നു. ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാൽ ഇത് അവസാനിപ്പിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക്ക് റജവ് പ്രഖ്യാപിച്ചത്. ഇസ്രായേൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച തുടങ്ങിയതായി അമേരിക്ക അറിയിച്ചു.
ഹമാസ് ഭീകരാക്രമണത്തിൽ ഇസ്രായേലിൽ 123 സൈനികർ അടക്കം 1200 പേർ മരണപ്പെട്ടു. ഗാസയിൽ 1055 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 200 കേന്ദ്രങ്ങളിലാണ് ഇന്നലെ രാത്രി യുദ്ധവിമാനങ്ങൾ വഴി ആക്രമണം നടത്തിയത്. ഹമാസിന്റെ സുപ്രധാന ഭരണ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു.