അന്താരാഷ്‌ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്ററായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം മത്സരത്തിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്‌റെ 553 സിക്‌സറുകള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്‍ മറികടന്നത്. ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മത്സരങ്ങളില്‍ നിന്നായി 554 സിക്‌സറുകളോടെ ഹിറ്റ്മാനാണ് ഇനി ഒന്നാമന്‍.
476 സിക്‌സറുകളുമായി പാകിസ്താന്‍ മുന്‍ നായകന്‍ അഫ്രിദിയാണ് മൂന്നാം സ്ഥാനത്ത്. 398 സിക്‌സറുകളുമായി മുന്‍ ന്യൂസിലന്‍ഡ് താരം മക്കെല്ലം പട്ടികയില്‍ നാലാമന്‍ ആണെങ്കില്‍ അഞ്ചാം സ്ഥാനത്ത് ഗുപ്റ്റ്ിലാണ്. രോഹിതിനെ കൂടാതെ ടോപ്പ് 10-ലുള്ള ഇന്ത്യന്‍ താരം മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയാണ്. 359 സിക്‌സറുകളാണ് ക്യാപ്റ്റന്‍ കൂളിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ റണ്‍സൊന്നും എടുക്കാതെ മടങ്ങിയ രോഹിത്, അഫ്ഗാനെതിരെ സെഞ്ച്വറി നേടിയതിലൂടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സേവാംഗ് എന്നീ ഇതിഹാസങ്ങളുടെ റെക്കോര്‍ഡുകളും മറികടന്നു.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ 6 സെഞ്ച്വറികളുമായി മാസ്റ്റര്‍ ബ്ലാസ്റ്ററിനൊപ്പമായിരുന്നു രോഹിത്. അഫ്ഗാനെതിരെ നേടിയ ഏഴാമത്തെ സെഞ്ച്വറി താരത്തെ പട്ടികയിലെ ഒന്നാമനാക്കി. 6 സെഞ്ച്വറികളുമായി രണ്ടാം സ്ഥാനത്ത് ഇതിഹാസ താരം സച്ചിനും 5 സെഞ്ച്വറികളുമായി മൂന്നാം സ്ഥാനത്ത് ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയുമാണ്. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് 5 സെഞ്ച്വറികളുമായി നാലാം സ്ഥാനത്താണെങ്കില്‍ ഓസ്‌ട്രേലിയന്‍ താരം തന്നെയായ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് 4 സെഞ്ച്വറികളുമായി അഞ്ചാം സ്ഥാനത്ത്.
ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ലോകകപ്പ് സെഞ്ച്വറിയെന്ന(81 പന്തില്‍) ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററായ സേവാംഗിന്റെ റെക്കോര്‍ഡും ഹിറ്റ്മാന്‍ മറികടന്നു. 63 പന്തിലാണ് രോഹിത് നൂറ് തൊട്ടത്. 2007 ലോകകപ്പില്‍ ബര്‍മൂഡയ്‌ക്കെതിരെയായിരുന്നു വീരുവിന്റെ വേഗമേറിയ സെഞ്ച്വറി. 5 സിക്‌സറുകളും 16 ബൗണ്ടറികളും പിറന്ന ഇന്നത്തെ ഇന്നിംഗ്‌സിലൂടെ വേള്‍ഡ്കപ്പില്‍ ഏറ്റവും വേഗതയില്‍ 1000 റണ്‍സ് തികച്ചവരുടെ പട്ടികയിലും രോഹിത് ഇടം പിടിച്ചു.