എന്തൊക്കെ കറികളുണ്ടെങ്കിലും ചിലർക്ക് അച്ചാർ വേണമെന്ന് നിർബന്ധമുണ്ട്. പച്ചക്കറികളോ പഴങ്ങളോ മത്സ്യമോ മാംസമോ എന്ത് തന്നെ എന്ത് തന്നെ ആക്കിയാലും ചിലർക്ക് ഇഷ്ടമാണ്. എന്നാൽ അച്ചാർ ശരീരത്തിന് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അച്ചാറിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഉപ്പിന്റെ അളവ് ഒരു ശരാശരി വ്യക്തിക്ക് ഒരു ദിവസത്തേയ്‌ക്ക് മുഴുവൻ മതിയാകും. അതിനാൽ ഒരു ദിവസം ഒരു തവണയിൽ കൂടുതൽ അച്ചാർ കഴിയ്‌ക്കാതിരിക്കുക.
അച്ചാറിൽ സോഡിയം അമിതമാണ്. ഇതു വഴി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ശരീരത്തിൽ സോഡിയത്തിന്റെ അളവ് അധികമായാൽ ഇത് നമ്മുടെ വൃക്കയെയും കരളിനെയും തകരാറിലാക്കും. സോഡിയം അമിതമായി കഴിക്കുന്നത് രക്തസമ്മർദം വർധിപ്പിക്കുന്നു. ഇത് മറ്റ് അവയവങ്ങളിലും സമ്മർദ്ദം ചെലുത്തും. ഈ സാഹചര്യത്തിൽ, കരളും വൃക്കയും തകരാറിലാകും. അതിനാൽ കരൾ, കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ അച്ചാർ കൂടുതലായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ഇതുപോലെ അച്ചാറിൽ മസാലയുടെ അളവ് കൂടുതലാണ്. ഇത് അൾസറിലേക്ക് നയിക്കും. ഗർഭകാലത്ത് ചില സ്ത്രീകൾക്ക് അച്ചാറിനോടുള്ള ആഗ്രഹം കൂടുതൽ ആയിരിക്കും. ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ അച്ചാർ അമിതമായാൽ ദോഷകരമായി ബാധിക്കും. അച്ചാറിലൂടെ ശരീരത്തിന് സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ലഭിക്കുന്നു. ഇത് ശരിക്കും ശരീരത്തിന് ഗുണപ്രദമാണ്. എന്നാൽ അച്ചാറുകൾ ധാരാളമായി കഴിക്കുന്നത് സ്ത്രീകളിൽ ഉയർന്ന രക്തസമ്മർദത്തിനും പക്ഷാഘാതത്തിനും സാധ്യത വർധിപ്പിക്കുന്നു.
മത്സ്യവും മാംസവും അച്ചാറിടുമ്പോൾ എണ്ണയിൽ വറുത്തെടുത്താണ് അച്ചാർ ഇടുന്നത്. ഇതും ആരോഗ്യത്തിന് നല്ലതല്ല. ഇത്തരത്തിൽ എണ്ണയുടെ അമിത ഉപയോഗം മോശം കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഹൃദയ സംബന്ധമായ രോഗത്തിനും സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് ദീർഘകാലാടിസ്ഥാനത്തിൽ കരളിനെ നശിപ്പിക്കുമെന്നും ചില പഠനങ്ങളിൽ പറയുന്നുണ്ട്.
ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് അച്ചാറുകൾ ഇഷ്ടമാണെങ്കിൽ മിതമായി കഴിക്കുന്നതാണ് നല്ലത്. പിന്നെ, ബിപി പോലുള്ള എന്തെങ്കിലും അസുഖമുണ്ടെങ്കിൽ, അച്ചാറുകൾ പാടെ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.















