എറണാകുളം: ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിന് ശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ അനുമോദിക്കാന്‍ ആകെ വീട്ടിലെത്തിയത് ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് മാത്രം. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞ ഇന്ത്യന്‍ ടീമിലെ അംഗമാണ് ശ്രീജേഷ്. മെഡല്‍ നേട്ടത്തിന് ശേഷം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരാള്‍ പോലും വിളിച്ചില്ല. എന്തിനേറെ പറയുന്നു,ഒരു പഞ്ചായത്തംഗം പോലും വീട്ടില്‍ വന്നില്ല. ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് മാത്രമാണ് വീട്ടില്‍ എത്തിയതെന്നും പി.ആര്‍ ശ്രീജേഷ് പറഞ്ഞു.
അദ്ദേഹം വന്നതില്‍ സന്തോഷമുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി. ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ബംഗാള്‍ ഗവര്‍ണറോട് പറഞ്ഞതുപോലെ ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ്
പോലും കാണാന്‍ വന്നില്ല. അപ്പോള്‍ അത്രമാത്രം പ്രതീക്ഷിച്ചാല്‍ മതിയല്ലോ.
ഞങ്ങളൊക്കെ നേരിടുന്ന ഈ അവഗണന, നാളത്തെ തലമുറ കണ്ടുപഠിക്കുന്ന കാര്യമാണ്. അവര്‍ നോക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയാലും നാട്ടില്‍ വലിയ വിലയൊന്നുമില്ല എന്ന ചിന്താഗതി വരുമ്പോ അത് അവരെ എത്രത്തോളം നിരുത്സാഹപ്പെടുത്തും എന്ന് ചിന്തിച്ചാല്‍ മതി. ഹരിയാന സര്‍ക്കാരാണെങ്കില്‍ മൂന്ന് കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കുന്നത്.
അതുപോലെ ഇന്ത്യന്‍ ഹോക്കി ടീമിലെ തന്റെ സഹതാരമായ അമിത് രോഹിദാസ് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ സന്ദര്‍ശിച്ചപ്പോള്‍ ഒന്നരകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി അപ്പോള്‍ തന്നെ കൈയില്‍ കൊടുക്കുകയാണ് ചെയ്തത്. അതൊക്കെ ആണ് അവരുടെ പ്രചോദനമെന്നും ശ്രീജേഷ് പറഞ്ഞു.
ഫൈനലില്‍ ജപ്പാനെ തകര്‍ത്താന്‍ ഇന്ത്യ പൊന്നണിയുന്നത്. ജപ്പാന്റെ നിര്‍ണായക ഷോട്ടുകള്‍ തടഞ്ഞിട്ട് ശ്രീജേഷ് പുറത്തെടുത്ത കരുത്തുറ്റ പ്രകടനാണ് ഒന്നിനെതിരെ 5 ഗോളുകള്‍ക്ക് ജപ്പാന്‍ തകര്‍ക്കാന്‍ ഇന്ത്യക്ക് സഹായകമായത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തോടെ 2024ലെ പാരീസ് ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനായിരുന്നു.