ഷാർജ: അന്താരാഷ്ട്ര പുസ്തകമേളക്ക് നവംബർ1ന് തിരിതെളിയും. ‘നമ്മൾ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്ന പ്രമേയത്തിൽ നവംബർ 2 മുതൽ 12 വരെയാണ് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള നടക്കുന്നത്. വിവിധ ഭാഷകളിലായി 15 ലക്ഷം പുസ്തകങ്ങൾ ഇത്തവണ മേളയിലെത്തും.
അറബ് മേഖലയിൽ നിന്ന് 1200 അറബ് പ്രസാധകരുണ്ടാകും. ഇന്ത്യയിൽ നിന്ന് ഇക്കുറി 120 പ്രസാധകർ പങ്കെടുക്കും. ബോളിവുഡ് താരം കരീന കപൂർ, ധനകാര്യ എഴുത്തുകാരി മോനിക ഹെലൻ, സുനിത വില്യംസ്, ഡച്ച് യോഗാചാര്യൻ സ്വാമി പൂർണചൈതന്യ, ഷെഫ് പിള്ള തുടങ്ങിയവരാണ് അതിഥികളിൽ പ്രമുഖർ. കൂടുതൽ അതിഥികളുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി സി ഇ ഒ അഹമ്മദ് റക്കാദ് അൽ അമരിപറഞ്ഞു.
ദക്ഷിണ കൊറിയയാണ് ഇത്തവണത്തെ അതിഥി രാജ്യം. പതിനൊന്നു ദിവസങ്ങളിലായി നടക്കുന്ന അക്ഷരോത്സവത്തില്‍ നിരവധി സാഹിത്യ, സാംസ്കാരിക, കലാ വിനോദ പരിപാടികളും അരങ്ങേറും. മലയാളത്തില്‍ നിന്നും പ്രമുഖ സാഹിത്യകാരന്‍മാരും കലാകാരന്മാരും മേളയുടെ ഭാഗമാകും. മേളക്ക് മുന്നോടിയായി ഈ മാസം 29 മുതൽ 31 വരെ പ്രസാധക സമ്മേളനം ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു. അതിഥി രാജ്യമായ ദക്ഷിണ കൊറിയ കോൺസുൽ ജനറൽ മൂൺ ബുയൂങിയൂനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.













