ലോകകപ്പിലെ തുടർച്ചയായ രണ്ട് വിജയങ്ങൾ ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്നുവെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ശക്തമായ മേൽക്കൈയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ ഫോമാണ് ഇതിന് കാരണം. ഇന്ത്യൻ താരങ്ങൾ റെക്കോർഡുകൾ ഭേദിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ലോകകപ്പിൽ പാകിസ്താനെതിരെയുളള വിജയത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൊട്ടോരയിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നാളെ ഉച്ചയ്‌ക്ക 2 മണിക്കാണ് ഇന്ത്യ- പാക് പോരാട്ടം. ബോളിവുഡ് താരങ്ങളടക്കം പങ്കെടുക്കുന്ന സംഗീത പരിപാടിക്ക് പുറമെ ഗോൾഡൻ ടിക്കറ്റ് ലഭിച്ച പ്രമുഖരുടെ സാന്നിധ്യവും സ്റ്റേഡിയത്തിൽ ഉണ്ടാകും. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ, സിനിമ താരങ്ങളായ അമിതാഭ് ബച്ചൻ, രജനികാന്ത് എന്നിവർക്ക് ലോകകപ്പിന് മുമ്പ് ബി.സി.സി.ഐ ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിൽ ഏകദിന ലോകകപ്പിൽ ഏഴുതവണ ഏറ്റുമുട്ടിയപ്പോൾ ഏഴിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. സ്വന്തം മണ്ണിൽ അരങ്ങേറുന്ന മത്സരത്തിലും ജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ താരങ്ങളും ആരാധകരും.