കാലിഫോർണിയ: ഭീകരസംഘടനകൾക്ക് എക്‌സിൽ സ്ഥാനമില്ലെന്ന നിലപാട് വ്യക്തമാക്കി സിഇഒ ലിൻഡ യാക്കാരിനോ. ഹമാസുമായി ബന്ധപ്പെട്ട നൂറ് കണക്കിന് അക്കൗണ്ടുകളും ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ” എക്‌സ് തുറന്ന സംഭാഷണം നടക്കുന്ന പൊതു പ്ലാറ്റ്‌ഫോം ആണ്. നിലവിലെ സാഹചര്യത്തിൽ ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിച്ചേക്കാവുന്ന നിയമവിരുദ്ധ ഉള്ളടക്കത്തെക്കുറിച്ച് പൂർണ ബോധ്യമുണ്ട്. ഭീകരസംഘടനകൾക്കോ അതുമായി ബന്ധമുള്ള ആളുകൾക്കോ എക്‌സിൽ സ്ഥാനമുണ്ടാകില്ല. ഭീകരസംഘടനകളെ പിന്തുണച്ചു കൊണ്ടുള്ള അക്കൗണ്ടുകൾ അപ്പപ്പോൾ തന്നെ നീക്കം ചെയ്യുമെന്നും”ലിൻഡ യാക്കാരിനോ വ്യക്തമാക്കി.
24 മണിക്കൂറിനുള്ളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും ഉള്ളടക്കത്തിലുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ ഇൻഡസ്ട്രി ചീഫ് തിയറി ബ്രിട്ടൻ, ഇലോൺ മസ്‌കിന് അന്ത്യശാസനം നൽകിയിരുന്നു. പിന്നാലെയാണ് ഹമാസ് അനുകൂല അക്കൗണ്ടുകൾക്കെതിരെയും നടപടി ഉണ്ടായത്. തെറ്റായ വിവരങ്ങളും നിയമവിരുദ്ധ ഉള്ളടക്കവും പ്രചരിപ്പിക്കുമെന്ന എന്ന ആശങ്കയാണ് തിയറി ബ്രെട്ടൻ പങ്കുവച്ചത്.
സമാനമായ രീതിയിൽ മെറ്റയ്‌ക്കും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസ് ആക്രമണങ്ങൾക്ക് പിന്നാലെ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ചെറുക്കുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ കൈമാറണമെന്നായിരുന്നു ആവശ്യം.