ന്യൂഡൽഹി: യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങിയ 212 ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് പുലർച്ചെയാണ് ഡൽഹിയിലെത്തിയത്. ” ഓപ്പറേഷൻ അജയ്” എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം വഴി രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യക്കാരേയും തിരികെ എത്തിക്കും. എല്ലാ ഇന്ത്യക്കാർക്കും ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ഇന്ത്യൻ എംബസി ഒരുക്കിയിരുന്നു. രജിസ്റ്റർ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുക്കുന്നത്. ഇവരുടെ യാത്രാച്ചെലവ് പൂർണമായും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ എയർ ഇന്ത്യ ഇസ്രായേലിലേക്കുള്ള സർവ്വീസുകൾ താത്കാലികമായി നിർത്തിവച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക് വേണ്ടിയിട്ടാണ് വിമാനം ക്രമീകരിച്ചത്. രാജ്യത്തേക്ക് മടങ്ങാൻ താത്പര്യപ്പെടുന്ന എല്ലാവരേയും ഇസ്രായേലിൽ നിന്ന് മടക്കി കൊണ്ടു വരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം ഞങ്ങൾ എപ്പോഴും ഭാരതത്തോട് അങ്ങേയറ്റം നന്ദി ഉള്ളവരായിരിക്കുമെന്ന് ഇസ്രായേലിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ വിദ്യാർത്ഥിയായ ശുഭം കുമാർ പറയുന്നു.
”യുദ്ധം തുടങ്ങിയതിന് പിന്നാലെ മിക്ക വിദ്യാർത്ഥികളും പരിഭ്രാന്തരായിരുന്നു. അത് വാക്കുകളിൽ വിവരിക്കാൻ സാധിക്കില്ല. എന്നാൽ ഇന്ത്യൻ എംബസി ഓരോ പൗരനും കൃത്യമായ നിർദ്ദേശങ്ങളും അറിയിപ്പുകളും യഥാസമയത്ത് നൽകിയിരുന്നു. ഇത് ഞങ്ങളുടെ മനോവീര്യം വർദ്ധിപ്പിച്ചു. എല്ലാ സമയത്തും എംബസിയിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചത് വലിയ ആശ്വസമായെന്നും” ശുഭം പറയുന്നു.