പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി മലയാള ചിത്രങ്ങളുടെ നിർമ്മാതാവാണ് ഗംഗാധരൻ.
സുജാത, മനസാ വാചാ കർമ്മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, വാർത്ത, ഒരു വടക്കൻ വീരഗാഥ, എന്നും നന്മകൾ, അദ്വൈതം, ഏകലവ്യൻ, തൂവൽക്കൊട്ടാരം, കാണാക്കിനാവ് , എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ശാന്തം, അച്ചുവിന്റെ അമ്മ, യെസ് യുവർ ഓണർ, നോട്ട്ബുക്ക് തുടങ്ങിയവയാണ് പി.വി ഗംഗാധരൻ നിർമ്മിച്ച പ്രധാന സിനിമകൾ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിലായിരുന്നു നിർമ്മാണം.
പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. രാഷ്ട്രീയ രംഗത്തും പി.വി. ഗംഗാധരൻ സജീവമായിരുന്നു. കെഎസ്യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 2011ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മത്സരിച്ചു. നിലവിൽ എഐസിസി അംഗമാണ്. പി.വി. ഷെറിൻ ആണ് ഭാര്യ. മക്കൾ ഷെനുഗ, ഷെഗ്ന, ഷെർഗ















