ഐസ്വാൾ: മിസോറാം നിയമസഭാ സ്പീക്കറും എംഎൻഎഫ് നേതാവുമായ ലാൽറിൻലിയാന സൈലോ ബിജെപിയിൽ ചേർന്നു. ഐസ്വാളിലെ ബിജെപി ആസ്ഥാനമായ അടൽ ഭവനിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. അമേരിക്കയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ബിജെപിയിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
മിസോറാമിലെ ധനകാര്യസ്ഥിതി വളരെ മോശമാണ്. ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. മിസോറാമിന് ശക്തമായ സാമ്പത്തിക സഹായം ആവശ്യമാണ്. സ്വന്തമായി സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിലും ബിജെപി സംസ്ഥാനത്ത് തീർച്ചയായും സർക്കാരുണ്ടാക്കും.
2018-ൽ ഒരു സീറ്റാണ് ബിജെപി നേടിയത് എന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ 5 മുതൽ 8 വരെ സീറ്റുകൾ നേടും. നവംബർ 7ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷമുള്ള സർക്കാർ രൂപീകരണത്തിൽ ബിജെപി പ്രധാന പങ്ക് വഹിക്കും. സംസ്ഥാനത്തെ രാഷ്‌ട്രീയത്തിൽ ബിജെപി ഒരു നിർണ്ണായക ഘടകമാണ്.- അദ്ദേഹം പറഞ്ഞു.
ലാൽറിൻലിയാന സെയ്ലോ നാല് തവണ മിസോറാം അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ എംഎൻഎഫ് ടിക്കറ്റിലുമാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുയിച്ചാങ് സീറ്റിൽ നിന്നാണ് മൂന്ന് തവണ അദ്ദേഹം വിജയിച്ചത്.















