കൊല്ലം: കൊല്ലം ജംഗ്ഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതികൾ ഒരുക്കി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി കൊല്ലം റെയിൽവേ സ്റ്റേഷനിലെ മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു മാറ്റും. 361 കോടി രൂപ ചെലവഴിച്ചുള്ള റെയിൽവേ സ്റ്റേഷൻ നവീകരണമാണ് വരാൻ പോകുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കൊല്ലം ജംഗ്ഷനിലെ രണ്ട് ടെർമിനലുകളിലെ പ്രധാന ടെർമിനൽ 5 നിലകളിലായി നിർമ്മിക്കും. യാത്രക്കാർക്കായുള്ള കാത്തിരിപ്പ് കേന്ദ്രം, കിയോസ്കുകൾ, തുടങ്ങി എല്ലാവിധ സംവിധാനങ്ങളും ഇവിടെയുണ്ടാകും. 6 എസ്കലേറ്ററുകളും 12 ലിഫ്റ്റുകളും ,മൾട്ടിലെവൽ കാർ പാർക്കിംഗ്് സമുച്ചയം, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന എയർകോൺകോഴ്സ് എന്നിവയും ഉണ്ടായിരിക്കും.
റെയിൽവേ സ്റ്റേഷനിലെ കോൺകോഴ്സ് നിർമ്മാണം ഷോപ്പിംഗ് കോംപ്ലക്സ് മാതൃകയിലാണ് നിർമ്മിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇവിടേക്ക് ആളുകൾക്ക് ട്രെയിൻ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെയും പ്രവേശിക്കാൻ സാധിക്കും. കൊല്ലം സ്റ്റേഷനിൽ മെമു ഷെഡിന്റെ നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. 24 കോടി രൂപയാണ്് നിർമ്മാണ ചെലവുകൾക്കായി കണക്കാക്കുന്നത്. ഇതോടെ കൊല്ലം റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മൊത്തത്തിൽ മാറുമെന്നാണ് വിലയിരുത്തൽ.