ലക്നൗ: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും പൊടിപാറിപ്പിക്കാൻ ഒരുങ്ങുമ്പോൾ ഭാരതത്തിന്റെ വിജയത്തിനായി ക്ഷേത്രങ്ങളിൽ പൂജകളും അർച്ചനകളും നേർന്ന് ക്രിക്കറ്റ് ആരാധകർ. കാൺപൂരിലെ സങ്കട്മോചൻ ഹനുമാൻ ക്ഷേത്രത്തിലാണ് ക്രിക്കറ്റ് പ്രേമികൾ ഭാരതത്തിന്റെ വിജയത്തിനായി ഭഗവാന് അർച്ചനകൾ അർപ്പിച്ചത്. പോസ്റ്ററുകളും ബാനറുകളും കയ്യിലേന്തിയാണ് ആരാധകർ ഇന്ത്യയുടെ വിജയത്തിനായി പൂജകൾ ചെയ്തത്.
പാകിസ്താനുമായുള്ള മത്സരത്തിൽ ഇന്ത്യ വിജയിക്കുകയാണെങ്കിൽ ലോകകപ്പിൽ പാകിസ്താനെതിരെ ഏറ്റവും കൂടുതൽ ജയം നേടിയ ടീം എന്ന റെക്കോർഡും ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. നിലവിൽ ശ്രീലങ്കയ്ക്കെതിരെ 8 വിജയങ്ങൾ നേടി ഈ റെക്കോർഡ് പാകിസ്താന്റെ പേരിലാണുള്ളത്. ” ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വേൾഡ്കപ്പ് മത്സരത്തിനായി കാത്തിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ തന്നെ വിജയിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ ഇന്ന് നന്നായി കളിക്കും”- ക്രിക്കറ്റ് ആരാധകരിലൊരാൾ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് രാജ്യം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. മൊരോട്ടയിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന പോരാട്ടത്തിനായി അക്ഷമരരായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.















