തിരുവനന്തപുരം; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളീയം പരിപാടി ആർഭാടമാക്കാൻ സംസ്ഥാന സർക്കാർ. നവംബർ ഒന്ന് മുതൽ ഒരാഴ്‌ച്ചക്കാലം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയ്‌ക്ക് 27.12 കോടി രൂപയാണ് സർക്കാർ ചെലവാക്കുന്നത്. തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. എക്‌സിബിഷനുകൾക്ക് മാത്രം പത്ത് കോടിയോളം രൂപയാണ് സർക്കാർ ചെലവാക്കുന്നത്. ഖജനാവ് കാലിയായതിനാൽ ട്രഷറി നിയന്ത്രണം നിലനിൽക്കുന്ന സംസ്ഥാനത്ത് സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
സെമിനാറുകൾ, എക്‌സിബിഷൻ, ട്രേഡ് ഫെയർ, ഫുഡ് ഫെസ്റ്റിവൽ, ഫിലിം ഫെസ്റ്റിവൽ, ബുക്ക് ഫെസ്റ്റ്, കൾച്ചറൽ ഫെസ്റ്റ്, ഫ്‌ളവർ ഷോ, സ്ട്രീറ്റ് ഷോ, കൾച്ചറൽ ഷോ തുടങ്ങിയ പരിപാടികളാണ് കേരളീയത്തിൽ ഉൾപ്പെടുന്നത്. ഇതിൽ എക്‌സിബിഷന് മാത്രം 9.39 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദീപാലങ്കാരത്തിന് 2.97 കോടി, സാംസ്‌കാരിക പരിപാടികൾക്ക് 3.14 കോടി, മറ്റ് ആഘോഷ കമ്മിറ്റികൾക്കായി 7.77 കോടി എന്നിങ്ങനെയാണ് ചെലവാക്കുന്ന കോടികളുടെ കണക്ക്.
15 മുഖ്യ കമ്മറ്റികൾക്കും സബ് കമ്മിറ്റികൾക്കുമായി യഥേഷ്ടം പണം ചെലവാക്കാം. മുൻകൂർ പണം വിനിയോഗിക്കാനും കമ്മിറ്റികൾക്ക് അനുവാദമുണ്ട്. അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള എൽഡിഎഫിന്റെ പ്രചാരണത്തിന് സർക്കാർ പണം വിനിയോഗിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിക്കാനിരിക്കുകയാണ്.















