സൂരരൈ പോട്ര് എന്ന കന്നി ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായികയാണ് സുധാ കൊങ്ങര. സൂര്യയെ നായകനാക്കി അണിയിച്ചൊരുക്കിയ സിനിമ ഒടിടിയിലാണ് റിലീസ് ചെയ്തതെങ്കിലും വൻ വിജയമായിരുന്നു. സൂര്യയ്‌ക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു സൂരരൈ പോട്ര്. സിനിമയുടെ വിജയത്തിന് പിന്നാലെ സുധാ കൊങ്ങരയും സൂര്യയും ഒന്നിക്കുന്ന അടുത്ത ചിത്രവും പ്രഖ്യാപിച്ചിരുന്നു. ചിത്രത്തെ കുറിച്ച് പുറത്ത് വരുന്ന ഓരോ അപ്‌ഡേറ്റും ആരാധകർക്ക് വലിയ ആവേശമായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തിൽ സൂര്യ കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലായിരിക്കും എത്തുക എന്നാണ് റിപ്പോർട്ട്. ഇതിനായി സൂര്യ വമ്പൻ മേക്കോവറുകൾ നടത്തുന്നതായും വാർത്തകളുണ്ട്. ശരീരഭാരം കുറച്ച് പുത്തൻ ലുക്കിലായിരിക്കും സൂര്യ എത്തുകയെന്നാണ് വിവരം. എന്നാൽ കോളേജ് വിദ്യാർത്ഥിയായി മുഴു നീള വേഷമാണോ ചെയ്യുന്നത് എന്നതിനെ കുറിച്ച് വിവരങ്ങളൊന്നുമില്ല.
സില്ലനൊരു കാതൽ എന്ന ചിത്രത്തിലെ സൂര്യയുടെ കോളേജ് പയ്യനായുള്ള വേഷം ആരാധകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വീണ്ടും കോളേജ് പയ്യനായി എത്തുന്നു എന്ന വാർത്ത ആരാധകർ വളരെ അധികം ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റെടുത്തിരിക്കുന്ന ചില ചിത്രങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ തന്നെ സൂര്യ- സുധാ കൊങ്ങര ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
സൂരരൈ പോട്ര് ഒരു ബയോപിക്ക് സിനിമയായിരുന്നു. എന്നാൽ പുതിയ ചിത്രം ബയോപിക് ആയിരിക്കില്ലെന്ന് സുധാ കൊങ്ങര തന്നെ പറഞ്ഞിരുന്നു. ചിത്രത്തിൽ ദുൽഖർ സൽമാനും ഒരു പ്രധാന വേഷത്തിൽ എത്തും. നസ്രിയയായിരിക്കും സിനിമയിലെ നായിക. ചിത്രത്തിനായുള്ള മുന്നൊരുക്കങ്ങളിലാണ് നസ്രിയ എന്ന് തമിഴ് മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടില്ല.















