തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിൽ കൂടി യെല്ലോ അലർട്ട്. തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ കൂടിയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ-മദ്ധ്യ കേരളത്തിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാദ്ധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പമാണ് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ പെയ്യുന്നത്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് മഴ ശക്തമാകുന്നത്. അടുത്ത ആഴ്ചയോടെ തുലാവർഷം ശക്തമായേക്കും.