തിരുവനന്തപുരം: ശിവഗിരിയിൽ 15-ന് നവരാത്രി ദീപം തെളിയും. സിനിമാതാരം ഇന്ദ്രൻസാകും ദീപം തെളിയിക്കുക. രാവിലെ 9.30-ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി നവരാത്രി സമ്മേളനം ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ബോർഡ് അംഗങ്ങളായ സ്വാമി ബോധിതീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി ഋതംഭരാനന്ദ എന്നിവരും മറ്റുസംന്യാസിമാരും ബ്രഹ്‌മചാരികളും സംബന്ധിക്കും.
മേജർ ഡോ. വിശ്വനാഥൻ രചിച്ച നാരായണം കൃതിയുടെ പ്രകാശനവും തുടർന്ന് 24 വരെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ഒട്ടേറേ കലാപ്രതിഭകൾ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിക്കും. നിത്യേന രാവിലെ 9 മുതൽ രാത്രി 9 വരെ പരിപാടികൾ ഉണ്ടായിരിക്കും. നവരാത്രി ആഘോഷദിനങ്ങളിൽ ശിവഗിരി ശ്രീശാരദാദേവി സന്നിധിയിൽ ഭക്തർക്ക് നവരാത്രി പൂജയ്‌ക്കുള്ള അവസരം ഉണ്ടായിരിക്കും. പൂജിച്ചപേനയാകും പ്രസാദമായി ലഭിക്കുക.
നവരാത്രി ആഘോഷങ്ങളിൽ സംബന്ധിക്കാനെത്തുന്ന ഭക്തർക്കായി വിപുലമായ ക്രമീരണങ്ങളാണ് ശിവഗിരിയിൽ ഒരുക്കിയിട്ടുള്ളത്. -ഗതാഗതം സുഗമമാക്കുന്നതിനായി പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗുരുപൂജ വഴിപാടിനും മറ്റുപൂജകൾക്കും വഴിപാടുകൗണ്ടറിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ സംവിധാനങ്ങളുണ്ടാകും. ശാരദാമഠത്തിലും വൈദികമഠത്തിലും ബോധാനന്ദ സ്വാമി സമാധിമണ്ഡപത്തിലും മഹാസമാധിയിലും ആരാധനയിൽ പങ്കെടുക്കുന്നവർക്കും തിരക്കൊഴിവാക്കാൻ ക്രമീകരണങ്ങൾ ഉണ്ടായിരിക്കും.















