അഹമ്മദാബാദ്: ആദ്യം ബൗളിംഗില്‍ പിന്നെ ബാറ്റിംഗില്‍, ലോകകപ്പില്‍ പാകിസ്താനെതിരെ സര്‍വാധിപത്യം തുടര്‍ന്ന് ഇന്ത്യ. ഏട്ടാം തവണയും മുഖാമുഖം വന്നിട്ടും ഇന്ത്യക്കെതിരെ തലയുര്‍ത്താന്‍ കഴിയാതെ തോറ്റ് മടങ്ങാനായിരുന്നു പാകിസ്താന്റെ വിധി. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ പാകിസ്താനെ നിഗ്രഹിച്ചാണ് ഇന്ത്യ നവരാത്രിക്ക് തുടക്കമിട്ടത്. സ്റ്റേഡിയത്തിലെ ഒന്നര ലക്ഷമടക്കം 140 കോടി ജനങ്ങളാണ് ഹൃദയം ഇന്ത്യക്ക് നല്‍കി മത്സരം വീക്ഷിച്ചത്. ബൗളര്‍മാര്‍ ഒരുക്കി നല്‍കിയ വേദിയില്‍ ഹിറ്റ്മാന്‍ താണ്ഡവമാടിയപ്പോള്‍ 192 എന്ന വിജയലക്ഷ്യം ഇന്ത്യ 19 ഓവര്‍ ശേഷിക്കേയാണ് നീലപ്പട മറികടന്നത്. ഇതോടെ ലോകകപ്പിലെ മൂന്നാം വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്നിംഗ്‌സില്‍ ഒരു സിക്‌സുപോലും പറത്താനാകാതെ പാക് നിര പെടാപ്പാടുപെട്ടപ്പോള്‍ രോഹിത് ആറും ശ്രേയസ് രണ്ടും സിക്‌സുകളാണ് അതിര്‍ത്തി കടത്തിയാണ് കാണികള്‍ക്ക് വിരുന്നൊരുക്കിയത്. 63 പന്തില്‍ നാല് ബൗണ്ടറികളടക്കം 86 റണ്‍സുമായി പാക് ബൗളിംഗ് നിരയെ തച്ചുതകര്‍ത്താണ് നായകന്‍ കളം വിട്ടത്. സെഞ്ച്വറിയിലേക്ക് കുതിച്ച ഹിറ്റ്മാന്‍ ഇന്ത്യയെ വിജയ തീരത്ത് അടുപ്പിച്ച ശേഷമാണ് പുറത്തായത്. മദ്ധ്യനിരയില്‍ രോഹിതിന് കൂട്ടായുണ്ടായിരുന്ന ശ്രേയസ് അയ്യറും അര്‍ദ്ധസെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയം പെട്ടന്നാക്കി. 19 റണ്‍സുമായി കെ.എല്‍ രാഹുലാണ് താരത്തിന് കൂട്ടായി ക്രീസിലുണ്ടായിരുന്നത്.
അഞ്ചുവിക്കറ്റെടുത്ത് ഇന്ത്യയുടെ നട്ടല്ലെടിക്കുമെന്ന് വെല്ലുവിളിച്ച അഫ്രീദിക്ക് നല്ല തല്ലു കിട്ടിയെങ്കിലും രണ്ടുവിക്കറ്റ് ലഭിച്ചു. ഹസന് അലിക്കാണ് ഒരു വിക്കറ്റ്. ഒരുഘട്ടത്തില്‍ വലിയ സ്‌കോറിലേക്ക് കുതിച്ച പാകിസ്താനെ സിറാജും ബുംറയും പാണ്ഡ്യയും കുല്‍ദീപ് യാദവും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു. രണ്ടുവിക്കറ്റ് വീതം നേടിയ ഇവര്‍ മദ്ധ്യഓവറുകളില്‍ ആഞ്ഞടിച്ചതോടെ പാകിസ്താന് മറുപടിയുണ്ടായിരുന്നില്ല.ഒമ്പത് റണ്‍സിനിടെ നാല് വിക്കറ്റ് പിഴുതാണ് ഇന്ത്യ പാകിസ്താനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.തേര്‍ഡ് മാനില്‍ കളിക്കാന്‍ ശ്രമിച്ച ബാബറിന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയാണ് സിറാജ് നിര്‍ണായക കൂട്ടുകെട്ട് പൊളിച്ചത്.
58 പന്തില്‍ ഏഴ് ബൗണ്ടറിയോടെ 50 റണ്‍സെടുത്താണ് ബാബര്‍ മടങ്ങിയത് ഇത്തവണത്തെ ലോകകപ്പിലെ ആദ്യ അര്‍ദ്ധ ശതകമായിരുന്നു ഇത്. തൊട്ടു പിന്നാലെ സൗദ് ഷക്കീലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് നാലാം വിക്കറ്റും സമ്മാനിച്ചു. 6 റണ്‍സായിരുന്നു സൗദ് ഷക്കീലിന്റെ സമ്പാദ്യം. അതേ ഓവറില്‍ തന്നെ ഇഫ്തിഖര്‍ അഹമ്മദിന്റെ കുറ്റി തെറിപ്പിച്ച് യാദവ് പാകിസ്താനെ ഒരു തകര്‍ച്ചയിലേക്കും തള്ളിയിട്ടു.
154 ന് രണ്ടെന്ന നിലയില്‍ നിന്ന് 171-7 എന്ന നിലയിലേക്ക് വീഴുകയായിരുന്നു പാകിസ്താന്‍. 34 ഓവര്‍ പൂര്‍ത്തിയാകുമ്പാേള്‍ ഇന്ത്യ മത്സരത്തിന്റെ പിടിമുറുക്കി. ക്യാപ്റ്റന്‍ രോഹിത് ബുംറയെ തിരികെ വിളിച്ചപ്പോള്‍. റിസ്വാന്റെ ഓഫ് സ്റ്റമ്പ് പിഴുതാണ് ബുംറ ക്യാപ്റ്റന്റെ പ്രതീക്ഷ കാത്തത്. 49 റണ്‍സിനായിരുന്നു റിസ്വാന്‍ കൂടാരം കയറിയത്. ഷദാബ് ഖാനെയും ബൗള്‍ഡാക്കി ഏഴാം വിക്കറ്റും ബുംറ സമ്മാനിച്ചു.അഞ്ചു പന്തില്‍ രണ്ടു റണ്‍സുമായാണ് ഷദാബ് മടങ്ങിയത്.