തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ നീതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് 40,000 രൂപ ശിക്ഷ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ. അപേക്ഷകളിൽ വിവരം നിഷേധിക്കുക, വൈകിപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക, അധികഫീസ് വാങ്ങുക എന്നിങ്ങനെ വിവിധ കുറ്റങ്ങൾക്കാണ് അഞ്ച് ഉദ്യോഗസ്ഥർക്ക് ശിക്ഷ വിധിച്ചത്. ഒരു പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയും രണ്ട് അപേക്ഷകർക്ക് പണം തിരികെ നൽകാൻ നിർദ്ദേശിച്ചും വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കിം ഉത്തരവിറക്കി.
കൊല്ലം പരവൂർ കൂനയിൽ ജെ രതീഷ്‌കുമാറിന്റെ പരാതിയിലുണ്ടായ നടപടിയിൽ പരവൂർ വില്ലേജ് ഓഫീസർ ടിഎസ് ബിജുലാലിന് 5,000 രൂപ പിഴ വിധിച്ചു. പാലക്കാട് അകത്തേത്തറ എൽ പ്രേംകുമാറിന്റെ അപ്പീലിൽ പാലക്കാട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ എൻ ബിന്ദുവിന് 1,000 രൂപ പിഴ വിധിച്ചു. കണ്ണൂർ കണ്ടകാളിയിൽ കെപി ജനാർദ്ദനന്റെ ഹർജിയിൽ പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ എൻ രാജീവിന് 25,000 രൂപ പിഴ വിധിച്ചു.
തിരുവനന്തപുരം വർക്കല ഇലകമൺ എസ് സാനു നൽകിയ കേസൽ ആറ്റിങ്ങൽ കെഎസ്ആർടിസി ജീവനക്കാരി ആർവി സിന്ധുവിന് 5,000 രൂപ പിഴ വിധിച്ചു. തിരുവനന്തപുരം ചെറിയകണ്ണി കെ രവീന്ദ്രൻ നായർ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയിൽ പൊതുബോധന ഓഫീസർ ഉമാശങ്കറിന് 4,000 രൂപ എന്നിങ്ങനെയാണ് പിഴ വിധിച്ചത്.















