ഇടുക്കി: പുതുതായി ആരംഭിച്ച ബിവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടിച്ച് സിപിഎം പ്രവർത്തകർ. അട്ടപ്പള്ളത്തുനിന്ന് ചെളിമടയിലേക്ക് മാറ്റി സ്ഥാപിച്ച ഔട്ട്‌ലെറ്റാണ് പ്രവർത്തനം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയത്. നേതാവിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെട്ടിടത്തിൽ നിന്നും സ്ഥാപനം മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു സിപിഎം പ്രവർത്തകരുടെ പരാക്രമം.
അട്ടപ്പള്ളത്തെ സിപിഎം നേതാവിന്റെ കെട്ടിടത്തിലായിരുന്നു ഔട്ട്‌ലെറ്റ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം ചെളിമടയിലുള്ള കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുകയായിരുന്നു. എന്നാൽ അട്ടപ്പള്ളത്തെ ബിവറേജ് ഔട്ട്ലെറ്റുമായി രണ്ടര വർഷത്തെ കരാർ ഉണ്ടെന്ന് കാണിച്ച് സിപിഎം പ്രവർത്തകർ എത്തി സ്ഥാപനം പൂട്ടിക്കുകയായിരുന്നു.
വിനോദ സഞ്ചാരികൾ എത്തുന്നത് കണക്കിലെടുത്താണ് സ്ഥാപനത്തിന്റെ പ്രവർത്തനം ചെളിമടയിലേക്ക് മാറ്റിയതെന്നാണ് വകുപ്പ് അറിയിക്കുന്നത്. ശനിയാഴ്ചയാണ് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. പിന്നാലെ പ്രതിഷേധ മാർച്ചുമായി എത്തി സിപിഎം സ്ഥാപനം പൂട്ടിക്കുകയായിരുന്നു. ആകെ പ്രവർത്തിച്ച ഒരു മണിക്കൂറിൽ ഒരു ലക്ഷം രൂപയുടെ വരുമാനമാണ് ചെളിമട ഔട്ട്‌ലെറ്റിൽ നിന്നും ബിവറേജസ് കോർപ്പറേഷന് ലഭിച്ചത്.















