ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ്’ യുടെ ഭാഗമായി ഇസ്രായേലിൽ നിന്നുളള നാലാമത്തെ വിമാനം ന്യൂഡൽഹിയിലെത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെയുളള 274 അംഗ സംഘത്തെ കേന്ദ്ര സഹമന്ത്രി വികെ സിംഗാണ് സ്വീകരിച്ചത്. ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്ത് എത്തിക്കുന്നത് വരെ ദൗത്യം തുടരുമെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.
‘ഇസ്രായേലിൽ നിന്നുളള ഇന്ത്യക്കാരെ വഹിച്ചു കൊണ്ടുളള 4-മതെ വിമാനമാണ് എത്തിച്ചേർന്നത്. ഇസ്രായേലിലെ സാഹചര്യം ഇന്ത്യക്കാരെ ഭയപ്പെടുത്തുന്നുണ്ട്. അവരെ സുരക്ഷിതമായി ജന്മനാട്ടിൽ തിരിച്ചെത്തിക്കേണ്ട ഉത്തരവാദിത്വം നമ്മുടേത് കൂടിയാണ്. ഇന്ത്യയിലേക്ക് മടങ്ങി പോരാനായി രജിസ്റ്റർ ചെയ്തിട്ടുളള എല്ലാവരെയും സുരക്ഷിതമായി ഇവിടെയെത്തിക്കും. ഇന്ത്യക്കാരെയും വഹിച്ചുളള മറ്റൊരു വിമാനം കൂടെ നാളെ ഇസ്രായേലിൽ നിന്ന് പുറപ്പെടും’. ഇസ്രായേലിലുളള ഇന്ത്യക്കാർ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് അവിടെ തുടരണമെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും വികെ സിംഗ് എഎൻഐയോട് പറഞ്ഞു.
ഇന്ന് പുലർച്ചെ 198 ഇന്ത്യക്കാരുമായുളള മൂന്നാമത്തെ വിമാനം ന്യൂഡൽഹിയിലെ ഇന്ദിര ഗാന്ധി എയർപോർട്ടിൽ എത്തിയിരുന്നു. സംഘത്തിൽ വിദ്യാർത്ഥികളുൾപ്പെടെ 18 മലയാളികളാണ് ഉണ്ടായിരുന്നത്.















