തൃശ്ശൂർ: പെരിഞ്ഞനത്ത് സ്വകാര്യ ബസിലെ വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കും മർദ്ദനം. കൊറ്റംകുളത്ത് വച്ച് കാറിലെത്തിയ സംഘം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് തടഞ്ഞുനിർത്തി വനിതാ കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. എറണാകുളം -ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്ണ ബസിലെ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ കയ്പമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ബസ് മതിലകത്ത് വച്ച് കാറിൽ ഉരസിയെന്നാരോപിച്ചാണ് കാറിലുണ്ടായിരുന്ന സംഘം ബസ് ജീവനക്കാരെ മർദ്ദിച്ചത്. വനിതാ കണ്ടക്ടർ മതിലകം സ്വദേശി ലെമി (41), ഡ്രൈവർ ചാവക്കാട് സ്വദേശി ഗിരീഷ് (41) എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ ബസിന്റെ ചില്ല് തകരുകയും ഡ്രൈവറുടെ കൈയ്‌ക്ക് പരിക്കേൽക്കുകയും ചെയ്തു.















